ഇടിവെട്ട് ഡയലോഗില്ലാതെ സുരേഷ് ഗോപിയുടെ കന്നിപ്രകടനം

ന്യൂഡല്‍ഹി: കേരളത്തിന്‍െറ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുമെന്ന ‘ഡയലോഗു’മായി പാര്‍ലമെന്‍റിന്‍െറ പടിയില്‍ തൊട്ടു നമസ്കരിച്ച് കയറിയ സുരേഷ് ഗോപിയുടെ ശബ്ദം ആദ്യമായി രാജ്യസഭയില്‍ മുഴങ്ങി. വിവരസാങ്കേതിക വിദ്യ സ്ഥിര സമിതി ചെയര്‍മാനായ ബി.ജെ.പി എം.പി മേഘ്രാജ് ജെയിന്‍ ആണ് സഭയിലിതുവരെ ഒരു ചോദ്യവും ചോദിക്കാത്ത, ശൂന്യവേളയില്‍പോലും ഒരു വിഷയവുമുന്നയിക്കാത്ത കേരളത്തിന്‍െറ ആക്ഷന്‍ ഹീറോക്ക് ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ടുവെച്ച് ആദ്യമായി എഴുന്നേറ്റ് നില്‍ക്കാന്‍ അവസരം നല്‍കിയത്.

സ്ഥിരസമിതി ചെയര്‍മാനെ റിപ്പോര്‍ട്ട് വെക്കാന്‍ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ക്ഷണിച്ചപ്പോള്‍ സമിതിയംഗമായ സുരേഷ് ഗോപി റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്ഥിരസമിതിയുടെ റിപ്പോര്‍ട്ടുകള്‍ സഭയില്‍ വെക്കുന്നുവെന്ന് പറഞ്ഞ് സുരേഷ് ഗോപി തന്‍െറ കന്നിപ്രകടനം കാഴ്ചവെച്ചത്. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവെച്ച ഉടന്‍ ഉപാധ്യക്ഷന്‍ ഇത് സുരേഷ് ഗോപിയുടെ കന്നി റിപ്പോര്‍ട്ടാണെന്ന് എടുത്തുപറഞ്ഞു. സുരേഷ് ഗോപി അഭിനയിച്ച സിനിമകള്‍ താന്‍ കണ്ടിട്ടുണ്ട്. ആദ്യമായാണ് പാര്‍ലമെന്‍റില്‍ ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത് കാണുന്നതെന്നും പറഞ്ഞ് കുര്യന്‍ മലയാള സിനിമാതാരത്തിന് ആശംസകളും നേര്‍ന്നു. അതുകേട്ട്  മറ്റംഗങ്ങളും താരത്തെ· ഡെസ്ക്കിലടിച്ചു പ്രോത്സാഹിപ്പിച്ചു. കുര്യന് സുരേഷ് ഗോപി നന്ദിയും പറഞ്ഞു.

സുരേഷ് ഗോപി സഭയിലിതുവരെ ഒരു ചോദ്യം ചോദിക്കുകയോ ശൂന്യവേളയില്‍ ഏതെങ്കിലും വിഷയമുന്നയിക്കുകയോ ചെയ്തിട്ടില്ല. വികസനപ്രവര്‍ത്തനത്തിനുള്ള തന്‍െറ മണ്ഡലമായി തിരുവനന്തപുരം തെരഞ്ഞെടുത്ത സുരേഷ് ഗോപിക്ക്, എം.പിമാര്‍ക്കുള്ള അഞ്ചുകോടി രൂപയുടെ ഫണ്ടില്‍നിന്ന് ഇതുവരെ സര്‍ക്കാര്‍ 2.50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതു വിനിയോഗിച്ചതു സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലമെന്‍റ് രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.