കൊച്ചി: ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈകോടതി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ നടിയെ പീഡിപ്പിച്ചു എന്ന കേസിലാണ് മുൻകൂർ ജാമ്യം. അന്വേഷണവുമായി സഹകരിക്കണമെന്നും പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ രൂപവത്കരിച്ച എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവതി ഇ- മെയിലിലൂടെ പരാതി നൽകിയത്. ഇതേ തുടർന്ന് അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തിരുന്നു. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട തൊടുപുഴ ഡി.വൈ.എസ്.പി ഇമ്മാനുവൽ പോളിന് അന്വേഷണ ചുമതല നൽകുകയായിരുന്നു.
ബിരുദ പഠനത്തിന് ശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. ബാബുരാജിന്റെ ജന്മദിന ആഘോഷം റിസോർട്ടിൽ നടന്നപ്പോഴാണ് പരിചയപ്പെട്ടത്. അഭിനയിക്കാനുള്ള താൽപര്യം മനസിലാക്കി ഒരു സിനിമയിൽ ചെറിയൊരു വേഷം നൽകി. പുതിയ സിനിമയുടെ ചർച്ചക്കെന്ന് പറഞ്ഞ് 2019ൽ ബാബുരാജ് ആലുവയിലെ വസതിയിലേക്ക് ക്ഷണിച്ചു. സംവിധായകനും നിർമാതാവും നടീനടന്മാരും അവിടെയുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ ആലുവയിലെ വസതിയിലെത്തിയപ്പോൾ ബാബുരാജും ഒരു ജീവനക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റാരുമില്ലേയെന്ന് ചോദിച്ചപ്പോൾ താഴത്തെ നിലയിൽ കാത്തിരിക്കാൻ പറഞ്ഞു. പിന്നീട് മുറിയിലേക്കെത്തിയ ബാബുരാജ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.