കൊല്ലം, പോളയത്തോട് റെയിൽവേ മേൽപ്പാലം: ഭൂമി ഏറ്റെടുക്കലിൽ വീഴ്ചയെന്ന് റിപ്പോർട്ട്

കോഴിക്കോട് : കൊല്ലം, പോളയത്തോട് റെയിൽവേ മേൽപ്പാല നിർമാണത്തിന് ഭൂമി ഏറ്റെടുക്കലിൽ വീഴ്ചയെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി)റിപ്പോർട്ട്. ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലെ കാലതാമസം സംസ്ഥാന ഖജനാവിന് 1,51,00,093 രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

2019 ആഗസ്റ്റ് രണ്ടിലെ ഉത്തരവ് പ്രകാരം, കൊല്ലം-മയ്യനാട് സ്റ്റേഷനുകൾക്കിടയിൽ പോളയത്തോട് റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് മുണ്ടക്കൽ വില്ലേജിൽ സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ഈ പദ്ധതിയുടെ നിർവഹണ ഏജൻസിയായി കേരള റെയിൽ വികസന കോർപ്പറേഷനെ (കെ-റെയിൽ) നിയമിച്ചു.

കെ-റെയിൽ, സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും തമ്മിൽ ധാരണാപത്രം (എം.ഒ.യു) ഒപ്പിട്ടു. ധാരണാപത്രം അനുസരിച്ച് സംസ്ഥാന സർക്കാരിൻറെ ഫണ്ട് ഉപയോഗിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. അതേസമയം നിർമാണച്ചെലവ് സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും പങ്കിടും. 2013ലെ എൽ.എ.ആർ.ആർ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് കൊല്ലം കലക്ടർ ഭൂമി ഏറ്റെടുക്കും.

2021 നവംമ്പർ 10 ലെ ഉത്തരവ് പ്രകാരം പോളയത്തോട് റെയിൽവേ മേൽപ്പാല നിർമാണത്തിന് ഭരണാനുമതി ലഭിച്ചു. 4,51,273 രൂപയാണ് അുവദിച്ചത്. തുടർന്ന് ഏറ്റെടുക്കലിനായി, സർവേയും സംയുക്ത പരിശോധനയും നടത്തി. സാമൂഹിക ആഘാത പഠന റിപ്പോർട്ട് 2022 ഫെബ്രുവരി 25ന് പ്രസിദ്ധീകരിച്ചു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമുള്ള പ്രാഥമിക അറിയിപ്പ് 2022 ആഗസ്റ്റ് 22ന് പ്രസിദ്ധീകരിച്ചു.

2013 ലെ നിയമത്തിലെ വകുപ്പ് 19(ഒന്ന് ) പ്രകാരം, കടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് നടപടികൾ സ്വീകരിക്കണം. പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ ഒരു വർഷത്തിനകം പ്രഖ്യാപനം പ്രസിദ്ധീകരിക്കണം. 12 മാസത്തിനുള്ളിൽ പ്രഖ്യാപനം നടത്തിയില്ലെങ്കിൽ, വിജ്ഞാപനം റദ്ദാക്കിയതായി കണക്കാക്കും.

ആവശ്യമെങ്കിൽ സർക്കാരിന് 12 മാസത്തെ കാലാവധി നീട്ടാം. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ, വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ നടപ്പാക്കുന്ന തീയതി വരെ ഭൂമിയുടെ വിപണി മൂല്യത്തിൻറെ 12 ശതമാനം അധികമായി നൽകണം.

ഭൂമി ഏറ്റെടുക്കലിനുള്ള ആകെ നഷ്ടപരിഹാരം 11,67,20,882 രൂപയായിരുന്നു. വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ അവാർഡ് തീയതി വരെയുള്ള 12 ശതമാനം നിരക്കിൽ പലിശയായി കണക്കാക്കിയ 1,51,00,093 ഇതിൽ ഉൾപ്പെടുന്നു.

ഓഡിറ്റിനായി ഹാജരാക്കിയ രേഖകൾ പരിശോധിതിൽ, 2013 ലെ നിയമത്തിലെ വകുപ്പ് 19(ഒന്ന്) പ്രകാരം വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള സമയപരിധി 2024 ഓഗസ്റ്റ് 17 വരെ സർക്കാർ നീട്ടിയതായി കണ്ടെത്തി. എന്നാൽ, വകുപ്പ് 19(ഒന്ന്) പ്രകാരമുള്ള വിജ്ഞാപനം പോലും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രാഥമിക അറിയിപ്പ് തീയതി മുതൽ 23 മാസത്തിന് ശേഷം നീട്ടിയ കാലയളവ് അവസാനിക്കാൻ പോകുന്നു. നീട്ടിയ കാലയളവിനുള്ളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ, ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുഴുവൻ നടപടികളും കാലഹരണപ്പെടും.

ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലെ കാലതാമസം മൂലം സംസ്ഥാന ഖജനാവിന് 1,51,00,093 രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ചുവെന്നാണ് പരിശോധനയിലെ കണ്ടെത്തിൽ. ഈ കാലതാമസം ഒഴിവാക്കാൻ ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് എ.ജി റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - Kollam Polayathod railway flyover: Report that there is a fall in land acquisition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.