കൊല്ലം: അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തുന്നതടക്കമുള്ള വിപണിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കി ലീഗല്‍ മെട്രോളജി വകുപ്പ്. നിലവിലെ പരിശോധനകള്‍ വ്യാപകമാക്കുന്നതോടൊപ്പം ഓണത്തിന് മുമ്പ് ഒരാഴ്ചത്തെ ‘സ്പെഷല്‍ ഡ്രൈവ്’ നടത്താനും നടപടി തുടങ്ങി. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് നിയമലംഘനങ്ങള്‍ പൂര്‍ണമായി തടയുകയാണ് ലക്ഷ്യം.
വ്യാപാരസ്ഥാപനങ്ങളില്‍ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മുദ്ര ചെയ്ത സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ കൊണ്ടുനടന്ന് വില്‍പന നടത്തുന്നവര്‍ അളവുതൂക്ക ഉപകരണത്തിന്‍െറ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കണം. പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമപ്രകാരമുള്ള അറിയിപ്പുകളില്ലാതെ ഉല്‍പന്നങ്ങള്‍ പായ്ക്ക് ചെയ്ത് വില്‍ക്കുന്നതും സൂക്ഷിക്കുന്നതും അനുവദിക്കില്ല. മൂന്ന് റീജ്യനുകളിലും പരിശോധനകള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി സംസ്ഥാന ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരുടെ മേല്‍നോട്ടത്തിലാണ് പരിശോധന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന സതേണ്‍ റീജ്യനില്‍ ഇതിനകം നടന്ന പരിശോധനകളില്‍ എഴുപതോളം കേസ് രജിസ്റ്റര്‍ ചെയ്തു.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ റീജ്യനിലും മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളടങ്ങുന്ന നോര്‍ത്തേണ്‍ റീജ്യനിലും വിപണിയില്‍ പരമാവധി ഇടപെടുന്നതിനുള്ള നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. തെക്കന്‍ ജില്ലകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഫ്ളയിങ് സ്ക്വാഡുകള്‍ വസ്ത്രവ്യാപാരശാലകള്‍, ഹോം അപ്ളയന്‍സ് സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയിലും പരിശോധന നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.