പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ കേസിലെ പ്രധാനപ്രതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊട്ടിയം: ഏറെ കോളിളക്കം സൃഷ്ടിച്ച പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ കേസിലെ പ്രധാനപ്രതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തെി. മയ്യനാട് കൂട്ടിക്കട ആക്കോലില്‍ ഉത്രാടത്തില്‍ ‘മൊബൈല്‍ പ്രകാശ് ’ എന്ന പ്രകാശ്ലാലിനെയാണ് (59) ഞായറാഴ്ച പുലര്‍ച്ചെ മയ്യനാട് കല്ലറാം തോടിനുസമീപം റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തെിയത്. സൈക്കിളും മൊബൈല്‍ ഫോണും ട്രാക്കിന് സമീപത്തുണ്ടായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. ഫോണിലേക്ക് മകള്‍ വിളിച്ചപ്പോഴാണ് മരിച്ചത് പ്രകാശ്ലാലാണെന്ന് തിരിച്ചറിഞ്ഞത്. ഇരവിപുരം പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചോദ്യപേപ്പര്‍ചോര്‍ത്തല്‍കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു പ്രകാശ്ലാല്‍. കേസിന്‍െറ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെയാണ് വ്യവസായവകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ഇദ്ദേഹത്തിന്‍െറ മരണം.
ഒന്നാംപ്രതി സ്ഥാനത്തുള്ളയാളുടെ മരണം കേസിന്‍െറ തുടര്‍നടപടികളെ ബാധിക്കുമോയെന്ന ആശങ്കയും ഇതോടെ  ഉയര്‍ന്നിട്ടുണ്ട്. പരീക്ഷാതട്ടിപ്പിലൂടെ പി.എസ്.സി പരീക്ഷ പാസായ നിരവധി പേര്‍ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കേസ് ദുര്‍ബലമാക്കാന്‍ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന സംശയവുമുണ്ട്. ഈ സാഹചര്യത്തിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. 2010 ലാണ് പി.എസ്.സി തട്ടിപ്പ് സംബന്ധിച്ച കേസ് പുറത്തുവരുന്നത്. 2010 ഒക്ടോബറില്‍ നടന്ന എസ്.ഐ തസ്തികയിലേക്കുള്ള പരീക്ഷ ചോദ്യപേപ്പര്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെ ചോര്‍ത്തി പരീക്ഷാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ഉത്തരം പറഞ്ഞുകൊടുത്തതായാണ് കേസ്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ എല്‍.ഡി ക്ളര്‍ക്ക് അടക്കം വിവിധ തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലും സമാന തട്ടിപ്പ്   കണ്ടത്തെിയിരുന്നു. പ്രകാശ്ലാലിന്‍െറ ഭാര്യ: ഷീജ. മക്കള്‍: ആദിത, ആഖ്യ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.