ഷൊര്‍ണൂര്‍ മനുഷ്യക്കടത്ത് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്

പാലക്കാട്: ഷൊര്‍ണൂര്‍ മനുഷ്യക്കടത്ത് കേസില്‍ റെയില്‍വേ പൊലീസ് ഝാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പാലക്കാട്ടെ പൊലീസ് സംഘം ഇരു സംസ്ഥാനങ്ങളിലും പ്രാഥമിക അന്വേഷണം നടത്തി തിരിച്ചത്തെി. ഒഡിഷ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസിലും അന്വേഷണം ഊര്‍ജ്ജിതമായി. പാലക്കാട് മജിസ്ട്രേറ്റ് മുമ്പാകെ കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായത് അവരുടെ സ്വദേശത്തുനിന്നാണെന്നാണ് പൊലീസ് നിഗമനം. അതേസമയം, ഒഡിഷ കുട്ടികളെ കൊണ്ടുവന്ന കേസില്‍ റിമാന്‍ഡിലുള്ള ഝാര്‍ഖണ്ഡ് സ്വദേശിനി സുചിത്ര സിങിനെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്താന്‍ പൊലീസ് തയാറായിട്ടില്ല. എറണാകുളത്തെ ചെമ്മീന്‍ ഫാക്ടറികളിലേക്ക് സ്ത്രീ തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍റാണ് ഇവരെന്ന് പൊലീസ് പറയുന്നു.
എറണാകുളത്തെ 60ഓളം ചെമ്മീന്‍ ഫാക്ടറികളില്‍ ചുരുങ്ങിയ കൂലിക്ക് ജോലിക്ക് നില്‍ക്കുന്നവരില്‍ അധികവും ഇതര സംസ്ഥാന സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലൈംഗിക പീഡനം അരങ്ങേറുന്നതായ ആരോപണം ശക്തമാണ്.
സുചിത്ര സിങ് കമീഷന്‍ വ്യവസ്ഥയിലാണ് പെണ്‍കുട്ടികളെ കൊച്ചിയില്‍ എത്തിച്ചിരുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ മുമ്പ് എറണാകുളത്ത് വന്നു പോയവരാണ്. ചെമ്മീന്‍ ഫാക്ടറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ കേസിന് കൂടുതല്‍ തെളിവുകള്‍ ലഭ്യമാവാനുള്ള സാധ്യതയുണ്ട്.

അതേസമയം,16 അംഗ ഝാര്‍ഖണ്ഡ് സംഘത്തില്‍ ഉള്‍പ്പെട്ട അഞ്ച് യുവാക്കള്‍ ഒന്നര മാസത്തോളമായി റിമാന്‍ഡിലാണ്. ഝാര്‍ഖണ്ഡില്‍നിന്ന് തൊഴില്‍ തേടിയത്തെിയ ഇവരെ  റെയില്‍വേ പൊലീസ് മനുഷ്യക്കടത്ത് കേസില്‍ കുടുക്കുകയായിരുന്നു. മനുഷ്യക്കടത്തിന് പിന്നിലുള്ള ഏജന്‍റിനെ കിട്ടാതായപ്പോള്‍, ഇരകളായ യുവാക്കളെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട പുരുഷന്‍മാര്‍ തങ്ങളുടെ കുടുംബാംഗങ്ങളാണെന്ന് സംഘത്തിലെ സ്ത്രീകളും കുട്ടികളും മൊഴി നല്‍കിയിട്ടും പൊലീസ് ഗൗനിച്ചില്ല.

ഝാര്‍ഖണ്ഡ്, ഒഡിഷ സംഘത്തെ കഴിഞ്ഞ ജൂണ്‍ 30നാണ് ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസില്‍നിന്ന് ഷൊര്‍ണൂരില്‍ റെയില്‍വേ സംരക്ഷണ സേന പിടികൂടിയത്. ഝാര്‍ഖണ്ഡ് സംഘാംഗങ്ങള്‍ അടുത്ത ബന്ധുക്കളാണെന്ന് സാമൂഹികനീതി വകുപ്പ് അന്വേഷണത്തില്‍ വ്യക്തമായിട്ടും യുവാക്കളെ റിമാന്‍ഡില്‍ പാര്‍പ്പിച്ച പ്രശ്നത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
പൊലീസ് നടപടി ഭയന്ന് ഝാര്‍ഖണ്ഡിലുള്ള ബന്ധുക്കള്‍ യുവാക്കളെ ജാമ്യത്തില്‍ എടുക്കാന്‍ എത്തിയിട്ടില്ല. ഒഡിഷ പെണ്‍കുട്ടികളെ തിരിച്ചയക്കാന്‍ കേസുമായി ബന്ധപ്പെട്ട നിയമനടപടി പൂര്‍ത്തിയാക്കണം.
ഇതുസംബന്ധിച്ച് ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് റെയില്‍വേ പൊലീസില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഒറ്റപ്പെട്ടതല്ലാത്തതിനാല്‍ കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍െറ നിലപാട്. ഇതുസംബന്ധിച്ച് സര്‍ക്കാറിന് ശിപാര്‍ശ നല്‍കുമെന്ന് കമീഷനംഗം ബാബു നരിക്കുനി ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.