കേരളത്തില്‍ പുതിയ ഇ.പി.എഫ് സോണ്‍ സ്ഥാപിക്കും –മന്ത്രി ബന്ദാരു ദത്താത്രേയ

പാലക്കാട്: കേരളത്തില്‍ എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് (ഇ.പി.എഫ്) സോണ്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ. നിലവില്‍ കേരളത്തിനും തമിഴ്നാടിനുമായി ഒരു സോണ്‍ മാത്രമേയുള്ളു.കേന്ദ്ര സര്‍ക്കാറിന്‍െറ ഓണസമ്മാനമാണ് പുതിയ സോണ്‍. ഇ.പി.എഫിന്‍െറ മേഖല ഓഫിസ് പാലക്കാട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മടങ്ങി വരുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ച് തൊഴില്‍ നല്‍കണം. ഇതിനു വേണ്ട തൊഴില്‍ നൈപുണ്യ സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ തയാറാണ്.

പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രത്തിന് പ്രത്യേക താല്‍പര്യമുണ്ട്. ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഒഴിവാക്കാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അവരുടെ 12 ആവശ്യങ്ങളില്‍ ഏഴെണ്ണം സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതു പോലെ പരിഹരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ ധനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നടത്തിവരികയാണ്.

പാര്‍ലമെന്‍റിന്‍െറ കഴിഞ്ഞ സമ്മേളനത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രസവാവധി 26 ആഴ്ചയാക്കിയതുള്‍പ്പെടെ നിരവധി നിയമ ഭേദഗതികളുണ്ടായി. ഇത് ചരിത്രത്തില്‍ ആദ്യമാണെന്നും ദത്താത്രേയ പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍. ശിവരാജന്‍, ജില്ലാ പ്രസിഡന്‍റ് അഡ്വ. ഇ. കൃഷ്ണദാസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.