സ്ഫോടനത്തില്‍ മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി

കൂത്തുപറമ്പ്: ബോംബ് സ്ഫോടനത്തില്‍ മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് കോട്ടയം പൊയിലിലെ ദീക്ഷിതിന്‍െറ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആയുധശേഖരം പിടികൂടി.  ആറ് വാളുകള്‍, മഴു, രണ്ട് എസ് മോഡല്‍ കത്തി, ഇരുമ്പ് ദണ്ഡ് എന്നിവയാണ് സ്ഫോടനമുണ്ടായ വീട്ടില്‍നിന്ന് പിടിച്ചെടുത്തത്.

വീടിന്‍െറ സ്റ്റയര്‍കെയിസ് റൂമിന് മുകളിലാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയുണ്ടായ ശക്തമായ സ്ഫോടനത്തിലാണ് കോട്ടയംപൊയില്‍ കോലാവിന് സമീപത്തെ പൊന്നമ്പത്ത് വീട്ടില്‍ ദീക്ഷിത് കൊല്ലപ്പെട്ടത്. വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം  സംഭവിച്ചതെന്നാണ് പൊലീസിന് കിട്ടിയ സൂചന. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉടന്‍ വീടും പരിസരവും സീല്‍ ചെയ്തിരുന്നു.  തുടര്‍ന്ന് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് ആയുധശേഖരം പിടിച്ചെടുത്തത്. സ്ഫോടന സമയത്ത് ദീക്ഷിതും പിതാവും ബി.ജെ.പിയുടെ പ്രാദേശിക നേതാവുമായ പ്രദീപനും മറ്റ് ചിലരും വീട്ടില്‍ ഉണ്ടായിരുന്നതായാണ് കരുതുന്നത്. ബി.ജെ.പി, ആര്‍.എസ്.എസ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായ ദീക്ഷിത് സംഭവസ്ഥലത്ത് വെച്ചുതന്നെ  മരണപ്പെട്ടിരുന്നു.

നാടിനെ നടുക്കിയ സ്ഫോടനത്തില്‍ വീട് ഭാഗികമായി തകര്‍ന്ന നിലയിലാണ്. സമീപത്തെ ബാബുവിന്‍െറ വീടിനും കേടുപറ്റിയിട്ടുണ്ട്. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്‍െറ നേതൃത്വത്തില്‍ കൂത്തുപറമ്പ് സി.ഐ     കെ.പി. സുരേഷ് ബാബു, പാനൂര്‍ സി.ഐ കെ. ഷാജി, കൂത്തുപറമ്പ് എസ്.ഐ കെ.ജെ. ബിനോയ് എന്നിവരടങ്ങിയ സംഘമാണ് വീട് പരിശോധിച്ചത്. ഡോഗ്സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക്  വിദഗ്ധര്‍ എന്നിവരും പരിശോധന നടത്തി. സംഭവത്തില്‍ കതിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

മൃതദേഹം  സംസ്കരിച്ചു
ബോംബ് സ്ഫോടനത്തില്‍ മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ്  കോട്ടയംപൊയിലിലെ  ദീക്ഷിതിന്‍െറ മൃതദേഹം സംസ്കരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം നാട്ടിലത്തെിച്ച് പൊതുദര്‍ശനത്തിനുവെച്ച ശേഷം വൈകീട്ട് നാലരയോടെയാണ് സംസ്കരിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി.കെ. സത്യപ്രകശ്,മോഹന്‍ മാനന്തേരി, വിജയന്‍ വട്ടിപ്രം, വി.പി. സുരേന്ദ്രന്‍, അഡ്വ. രത്നാകരന്‍, വി.പി. സംഗീത, കെ. പ്രമോദ്, പി. ഗിരീഷ്, കെ. രഞ്ജിത്ത്, ശശിധരന്‍, ബിജു ഏളക്കുഴി  തുടങ്ങിയവര്‍ വീട്ടിലത്തെി അന്ത്യോപചാരം അര്‍പ്പിച്ചു.
വീട്ടില്‍ നടന്ന സ്ഫോടനത്തെപറ്റി കതിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മറ്റ് ചിലര്‍ക്കുകൂടി പരിക്കേറ്റതായുള്ള സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് ആണ് കേസ് എടുത്തിട്ടുള്ളത്. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്‍െറ നേതൃത്വത്തില്‍  കൂത്തുപറമ്പ് സി.ഐ കെ.പി. സുരേഷ്കുമാറാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.