ജി.എസ്.ടി: അവശ്യസാധന നികുതി കുറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം വേണം –ഐസക്

തിരുവനന്തപുരം: ചരക്കുസേവനനികുതിയില്‍ അവശ്യസാധനങ്ങളുടെ നിരക്ക് കുറക്കാന്‍ സംസ്ഥാനത്തിന് അധികാരം വേണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. അവയുടെ നികുതി 12 ശതമാനമാക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ല. ഇത് കുറക്കാന്‍  അനുമതി വേണം. ജി.എസ്.ടി വരുന്നതോടെ സാധനങ്ങളുടെ പരമാവധി വില്‍പനവില (എം.ആര്‍.പി) പത്ത് ശതമാനമെങ്കിലും കുറക്കാന്‍ നിയമ നിര്‍മാണം വേണം. അല്ളെങ്കില്‍ കുത്തകകള്‍ക്ക് മാത്രമാകും പ്രയോജനം. മൂല്യവര്‍ധിത നികുതി നടപ്പാക്കിയപ്പോള്‍ ഇതാണ് സംഭവിച്ചത്. ദേശീയ കസ്റ്റംസ് അക്കാദമി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി  ഗുണകരമാകുമെന്നാണ് കരുന്നത്. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇത് കരുത്ത് നല്‍കും. നികുതി പിരിച്ച് പാവങ്ങള്‍ക്ക് ഗുണം ചെയ്യുക എന്നതാണ് നയം.

ജി.എസ്.ടി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിലവില്‍വരും. സംസ്ഥാനനിയമം അടുത്ത നിയമസഭാസമ്മേളനത്തില്‍ പാസാക്കും. സുശക്തമായ വിവരസാങ്കേതികവിദ്യാശൃംഖല ഇതിനായി തയാറായിവരുകയാണ്. വ്യവസായ ഉല്‍പന്നങ്ങളില്‍ ഉപഭോക്താവ് ഇപ്പോള്‍തന്നെ 30-35 ശതമാനം വരെ നികുതി കൊടുക്കുന്നുണ്ട്. ഇതുകൂടി അടങ്ങിയതാണ് പരമാവധി വില്‍പനവില. ഇതില്‍ പത്ത് ശതമാനം വരെ കുറക്കാന്‍ ജി.എസ്.ടിയിലൂടെ കഴിയും. എങ്കില്‍മാത്രമേ ജനങ്ങള്‍ക്ക് ഗുണം കിട്ടൂ. ഇതിന് കേന്ദ്രമാണ് നടപടി എടുക്കേണ്ടത്. ഇപ്പോള്‍ 14.5 ശതമാനം വരെ നികുതി നല്‍കുന്നെന്നാണ് ജനങ്ങളുടെ ബോധ്യം. കേന്ദ്രനികുതിയും മറ്റുകാര്യങ്ങളും ജനങ്ങളെയും വ്യാപാരികളെയും ബോധ്യപ്പെടുത്തണം. പുതിയ നികുതിയിലെ ഏതാനും വിഷയങ്ങളില്‍ വ്യക്തത ഉണ്ടായിട്ടില്ല. എംപവേഡ് കമ്മിറ്റിയില്‍ ഇത് പരിഹരിക്കും. ജി.എസ്.ടിയോടെ മറ്റ്  പ്രത്യക്ഷ-പരോക്ഷ നികുതികള്‍ ഇല്ലതാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.