കയറു കൊണ്ട് കരകൗശല ഉല്‍പന്ന നിര്‍മാണത്തില്‍ നൗഷാദ് ട്രേഡ്മാര്‍ക്കാകുന്നു

ആലപ്പുഴ: ആര്യാട് അവലൂക്കുന്ന് ശങ്കരശേരി വീട്ടില്‍ നൗഷാദ് കരകൗശല നിര്‍മാണ മേഖലയിലെ ട്രേഡ്മാര്‍ക്കാണ്. കൗതുകപരവും വിസ്മയം ജനിപ്പിക്കുന്നതുമായ ഒട്ടേറെ ഉല്‍പന്നങ്ങള്‍ ഇതിനകം നൗഷാദ് കയറുകൊണ്ട് രൂപപ്പെടുത്തി. ചകിരി, തൊണ്ട്, ചിരട്ട എന്നിവ ഉപയോഗിച്ചുള്ള നിരവധി കരകൗശല വസ്തുക്കള്‍ നിര്‍മിച്ച് ഈ രംഗത്ത് തന്‍േറതായ കഴിവ് പ്രകടിപ്പിക്കാന്‍ നൗഷാദിന് കഴിഞ്ഞു.

പരമ്പരാഗത കയര്‍ തൊഴിലാളിയായിരുന്ന  ബാപ്പയും ഉമ്മയും അടങ്ങുന്ന കുടുംബം ദാരിദ്ര്യത്തിലേക്ക് മാറിയപ്പോള്‍ അതില്‍നിന്ന് മുക്തമാകാനാണ് നൗഷാദ് കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിലേക്ക് എത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച് വിപണിയില്‍ എത്തിയപ്പോള്‍ നല്ല പ്രതികരണമായിരുന്നു. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രോത്സാഹനം കൂടിയായതോടെ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി ലഭ്യമായി. കയര്‍കൊണ്ട് പണ്ടുകാലത്ത് നിര്‍മിച്ചിരുന്ന സ്ഥിരം ഉല്‍പന്നങ്ങളില്‍നിന്ന് മാറി വിദേശികള്‍ക്ക് ആകര്‍ഷകമാകുന്ന തരത്തിലുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ നിര്‍മിക്കാമെന്ന് നൗഷാദ് കാണിച്ചുകൊടുത്തു. ഇപ്പോള്‍ പൂര്‍ണസമയവും ഇതിന്‍െറ നിര്‍മാണത്തിലാണ് ഈ 47കാരന്‍.

സ്വയം പരിശീലനത്തിലൂടെയാണ് നിര്‍മാണത്തിലുള്ള കഴിവ് ആര്‍ജിച്ചത്. കേരള ഹാന്‍ഡിക്രാഫ്റ്റ് എന്ന സ്ഥാപനത്തിന്‍െറ ഉടമ കൂടിയാണ് നൗഷാദ്.  ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് നൗഷാദിന്‍െറ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനവും നല്‍കുന്നു. ഒട്ടേറെ പ്രദര്‍ശന മേളകളില്‍ കഴിവ് തെളിയിച്ച വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ -ആലപ്പുഴയുടെ ടൂറിസം വളരണമെങ്കില്‍ കരകൗശല നിര്‍മാണം ശക്തിപ്പെടണം. ടൂറിസ്റ്റുകള്‍ എത്തിയാല്‍ കരകൗശല നിര്‍മാണ രംഗത്തുനിന്ന് മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചകിരി ഉല്‍പന്നങ്ങള്‍ക്ക് പുറമെ പുന്നയ്ക്ക, മഞ്ചാടിക്കുരു, കടല്‍കക്ക, കായല്‍കക്ക എന്നിവ ഉപയോഗിച്ച് അലങ്കാര മാലകളും കമ്മലുകളും നിര്‍മിച്ചിട്ടുണ്ട്.
കൂടാതെ മണല്‍ ശില്‍പങ്ങള്‍, കയര്‍ ശില്‍പങ്ങള്‍, കിളിക്കൂട്, മങ്കിഹാഗിങ്, കോക്കനട്ട് ട്രീപോര്‍ട്ട്, കോക്കനട്ട് ലാമ്പ് എന്നിവയാണ് എടുത്തുപറയേണ്ട സൃഷ്ടികള്‍. 2014ല്‍ കലവൂരിലെ കയര്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്തിയ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് കയറില്‍ തീര്‍ത്ത അദ്ദേഹത്തിന്‍െറ ശില്‍പം നൗഷാദ് സമ്മാനിച്ചിരുന്നു. നൗഷാദിന്‍െറ ജീവിതകഥ അറിഞ്ഞ കലാം സ്ഥാപനം വിപുലീകരിക്കുന്നതിനായി ഒരുലക്ഷം രൂപയുടെ ധനസഹായവും നല്‍കിയശേഷമാണ് മടങ്ങിയത്. ഹൗസ്ബോട്ടുകളുടെ മാതൃകകള്‍ക്ക് വലിയ ഡിമാന്‍ഡാണ്. ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.