മെഡിക്കൽ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ ഡെന്‍റല്‍ കോളജുകളില്‍ ബി.ഡി.എസ് പ്രവേശത്തിന് നാലു ലക്ഷം രൂപ ഏകീകൃത ഫീസ് ഏര്‍പ്പെടുത്താന്‍ മാനേജ്മെന്‍റുകളുമായി ഉണ്ടാക്കിയ ധാരണ സര്‍ക്കാര്‍ റദ്ദാക്കി. മാനേജ്മെന്‍റുകള്‍ കോടികള്‍ അധിക നേട്ടം കൊയ്യുന്നത് സംബന്ധിച്ച ‘മാധ്യമം’ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഒൗദ്യോഗികവാര്‍ത്താക്കുറിപ്പിറക്കി. സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിലും ഏകീകൃത ഫീസ് കൊണ്ടുവരില്ളെന്നും അവര്‍ അറിയിച്ചു.  കഴിഞ്ഞ വെള്ളിയാഴ്ച സ്വാശ്രയ ഡെന്‍റല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് മെറിറ്റ് സീറ്റിലും മാനേജ്മെന്‍റ് സീറ്റിലും നാലു ലക്ഷം രൂപ വീതം ഫീസിന് ധാരണയായത്. ഇതനുസരിച്ച് കരാര്‍ ഒപ്പിടാനിരിക്കെയാണ് സര്‍ക്കാറിന്‍െറ പിന്മാറ്റം. കഴിഞ്ഞ വര്‍ഷം വരെ മെറിറ്റ് സീറ്റിലെ 44 ശതമാനത്തിന് 23,000 വും 56 ശതമാനത്തിന്  1.75 ലക്ഷവുമായിരുന്ന ഫീസാണ് ഏകീകരിച്ചതോടെ നാലു ലക്ഷമായി ഉയര്‍ന്നത്. ഇതോടെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവാത്ത  അവസ്ഥയാണുണ്ടായത്. പ്രതിഷേധം കനത്തതോടെയാണ് 18 സ്വാശ്രയ ഡെന്‍റല്‍ കോളജുകളുമായുണ്ടാക്കിയ ധാരണയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.

 മെറിറ്റ് സീറ്റിലെ ഫീസില്‍ മുന്‍വര്‍ഷത്തെ സ്ഥിതി തുടരുമെന്നും മാനേജ്മെന്‍റ് സീറ്റിലെ ഫീസ് സംബന്ധിച്ച് ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുഴുവന്‍ സീറ്റിലേക്കും നീറ്റ് പട്ടികയില്‍നിന്ന് സര്‍ക്കാര്‍ അലോട്മെന്‍റ് നടത്തുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും മന്ത്രി വ്യക്തമാക്കി. ഡെന്‍റല്‍ പ്രവേശത്തിന് ഏകീകൃത ഫീസിന് ധാരണയായതോടെയാണ് മെഡിക്കല്‍ പ്രവേശത്തിനും ഈ രീതി തുടരുമെന്ന ആശങ്ക ഉയര്‍ന്നത്. മാനേജ്മെന്‍റുകള്‍ മുഴുവന്‍ സീറ്റും വിട്ടുനല്‍കിയാല്‍ ഏകീകൃത ഫീസ് സംബന്ധിച്ച് ചര്‍ച്ചയാകാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് നടപ്പായിരുന്നെങ്കില്‍ മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ട 15ലക്ഷം രൂപയില്‍ തീരുമാനമെടുക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ വര്‍ഷം 14 ശതമാനം മെറിറ്റ്  സീറ്റില്‍ 25,000 രൂപയും അവശേഷിക്കുന്ന മെറിറ്റ് സീറ്റില്‍ 1.85ലക്ഷവും ഫീസുണ്ടായിരുന്നതാണ് ഇത്തവണ 15 ലക്ഷമാക്കി ഏകീകരിക്കാന്‍ മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.