രാജ്ഭവനില്‍ ജൈവപച്ചക്കറികൃഷിക്ക് തുടക്കം

തിരുവനന്തപുരം: രാജ്ഭവന്‍ അങ്കണത്തിലും ഇനി ജൈവപച്ചക്കറികൃഷി. തൈ നട്ട് ഗവര്‍ണര്‍ പി. സദാശിവം കൃഷിക്ക് തുടക്കം കുറിച്ചു. ഗവര്‍ണറുടെ പത്നി സരസ്വതി സദാശിവവും മന്ത്രി വി.എസ്. സുനില്‍കുമാറും തൈകള്‍ നട്ടു. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഒൗദ്യോഗികവസതികളുടെ വളപ്പില്‍ പച്ചക്കറി കൃഷി നടത്തുന്ന പദ്ധതിയുടെ തുടര്‍ച്ചയായാണ് രാജ്ഭവനിലും കൃഷി ആരംഭിക്കുന്നത്.കേരളത്തില്‍ കൃഷിക്ക് സ്ഥലദൗര്‍ലഭ്യമുണ്ടായിരിക്കെ ഉള്ള സ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്കും സാധിക്കുന്ന രീതിയില്‍ കൃഷി നടത്തുന്നത് പ്രേത്സാഹിപ്പിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.കൃഷിവകുപ്പ് ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ രാജ്ഭവന്‍ വളപ്പില്‍ കൃഷി തുടങ്ങുന്നതിലൂടെ വലിയ സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നതെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
ഇത്തവണ 40 സെന്‍റിലാണ് ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. മുളക്, തക്കാളി, വഴുതന ഇനങ്ങളുടെ തൈകളാണ് നട്ടത്. പയര്‍, ചീര, പടവലം, പാവല്‍, വെള്ളരി തുടങ്ങി 12 ഇനങ്ങള്‍ കൂടി നടും.

കൃഷിവകുപ്പിന്‍െറ പ്രത്യേകപദ്ധതി പ്രകാരം കുടപ്പനകുന്ന് കൃഷിഭവന് കീഴിലെ കാര്‍ഷിക കര്‍മസേനയാണ് കൃഷി നടപ്പാക്കുന്നത്. ജൈവകീടനാശിനികളും ജൈവ വളര്‍ച്ചാത്വരകങ്ങളും ജീവാണുവളവുമാണ് ഉപയോഗിക്കുക. സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷി വികസന പദ്ധതിപ്രകാരം നേരത്തേയും രാജ്ഭവനില്‍ കൃഷി നടത്തിയിരുന്നു. അതിന് അനുബന്ധമായ വഴകൃഷി ഇപ്പോഴും തുടരുന്നുണ്ട്. നാടന്‍ ഇനങ്ങളായ കദളി, കുന്നന്‍, വിരൂപാക്ഷി, കൃഷ്ണവാഴ തുടങ്ങിയവയും ഒൗഷധഗുണമുള്ള മട്ടി, കാവേരി തുടങ്ങിയവയുമാണ് നട്ടിരിക്കുന്നത്. പെരിങ്ങമ്മലയിലെ സര്‍ക്കാര്‍ വാഴ നഴ്സറിയില്‍ നിന്നാണ് തൈ കൊണ്ടുവരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.