ആദിവാസി കോളനി വികസനം 2.44 കോടിയുടെ ക്രമക്കേട്: അറസ്റ്റ് ഉടന്‍

തൊടുപുഴ: ഇടുക്കി ജില്ലയിലെ പട്ടികജാതി കോളനികളില്‍ നടപ്പാക്കിയ സ്വയംപര്യാപ്ത ഗ്രാമം, ഗാന്ധി ഗ്രാമം പദ്ധതികളില്‍ ഇതുവരെ കണ്ടത്തെിയത് 2.44 കോടിയുടെ ക്രമക്കേട്. അടിമാലി, കുമളി പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.ഇതോടെ, ഈ പദ്ധതികളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം എട്ടായി. അന്വേഷണം നല്ലനിലയില്‍ പുരോഗമിക്കുകയാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജ് അറിയിച്ചു. മറയൂര്‍ ഗ്രാമപഞ്ചായത്തിലെ സാന്‍േറാസ്, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ ദീഡിര്‍ നഗര്‍, ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ പള്ളനാട്, പാമ്പാടുംപാറ പഞ്ചായത്തിലെ ആദിയാര്‍പുരം, അടിമാലി ബ്ളോക്കിലെ ഇരുമ്പുപാലം ചില്ലിത്തോട്, കുമളി ഗ്രാമപഞ്ചായത്തിലെ ചെങ്കര-കുരിശുമല, തൊടുപുഴ ബ്ളോക്കിലെ മുള്ളരിങ്ങാട് എന്നീ പട്ടികജാതി കോളനികളില്‍ നടപ്പാക്കിയ പദ്ധതികളിലാണ് ക്രമക്കേട്.

ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ക്രമക്കേട് നടന്നതായി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന്, പദ്ധതികള്‍ ഏറ്റെടുത്ത സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും പദ്ധതിയുടെ കരാറുകാരനുമെതിരെ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധ നിയമപ്രകാരം കേസെടുക്കാന്‍ കുമളി, നെടുങ്കണ്ടം, ശാന്തന്‍പാറ, അടിമാലി, മറയൂര്‍, കാളിയാര്‍, മൂന്നാര്‍ പ്രിന്‍സിപ്പല്‍ എസ്.ഐമാര്‍ക്ക് എസ്.പി നിര്‍ദേശം നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മുള്ളരിങ്ങാട് 60 ലക്ഷത്തിന്‍െറയും ചെങ്കര കുരിശുമലയില്‍ 37 ലക്ഷത്തിന്‍െറയും ദിഡീര്‍ നഗറില്‍ 30 ലക്ഷത്തിന്‍െറയും പള്ളനാട് 35 ലക്ഷത്തിന്‍െറയും തൊട്ടിക്കാനത്ത് 45 ലക്ഷത്തിന്‍െറയും ഇരുമ്പുപാലം ചില്ലിത്തോട്ടില്‍  12 ലക്ഷത്തിന്‍െറയും ആദിയാര്‍പുരത്ത് 25 ലക്ഷത്തിന്‍െറയും ക്രമക്കേട് നടന്നതായാണ് കണ്ടത്തെല്‍. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തൊടുപുഴ ഡിവൈ.എസ്.പി എന്‍.എന്‍. പ്രസാദ്, കട്ടപ്പന ഡിവൈ.എസ്.പി സി. രാജ്മോഹന്‍, മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫ് എന്നിവര്‍ അന്വേഷിച്ചു വരികയാണ്.  
മുള്ളരിങ്ങാട് കോളനിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കാളിയാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ കരാറുകാരന്‍ മൈക്കിള്‍ കുമ്പുകാട്ട്, പദ്ധതി നടപ്പാക്കിയ കെയ്കോ എന്‍ജിനീയര്‍ റുഡോള്‍ഫ്, ഇളംദേശം പട്ടികജാതി വികസന ഓഫിസര്‍ സൂര്യകുമാരി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി തള്ളിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.