അടിമാലി: ഒമ്പതു വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നൗഫലിന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസാണ് പിതാവ് കൂമ്പന്‍പാറ പഴംപിള്ളിയില്‍ നസീര്‍, ഭാര്യ സലീന എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ആയുധം ഉപയോഗിച്ചുള്ള അക്രമം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ അതിക്രമം, ശരീരഭാഗങ്ങളില്‍ പൊള്ളല്‍ ഏല്‍പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. എറണാകുളത്തുനിന്ന് ബുധനാഴ്ച രാവിലെ അടിമാലി മച്ചിപ്ളാവിലെ ഷെല്‍ട്ടര്‍ ഹോമില്‍ സലീനയെയും നൗഫലിന്‍െറ സഹോദരങ്ങളായ രണ്ടു കുട്ടികളെയും എത്തിച്ചു.
പിതാവ് കഞ്ചാവ് കേസില്‍ റിമാന്‍ഡിലായി ജയിലിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം കിട്ടിയ ശേഷമേ മാതാവിന്‍െറ അറസ്റ്റ് രേഖപ്പെടുത്തൂ. നൗഫലിന്‍െറ സഹോദരങ്ങളായ ഏഴു വയസ്സും മൂന്നു മാസവും പ്രായക്കാരായ കുട്ടികളെ മാതാവിനൊപ്പം അടിമാലിയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സഹോദരങ്ങളുടെ തുടര്‍സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
ഇതുമായി ബന്ധപ്പെട്ട് സമിതിയുടെ പ്രത്യേക സിറ്റിങ് വ്യാഴാഴ്ച രാവിലെ 11ന് തൊടുപുഴയിലെ ജില്ലാ ശിശുക്ഷേമ സമിതി ഓഫിസില്‍ നടക്കുമെന്ന് ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. നൗഫലിന്‍െറ തുടര്‍സംരക്ഷണവും യോഗം ചര്‍ച്ച ചെയ്യും.
നൗഫല്‍ സുഖം പ്രാപിക്കുന്നു
തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്
കൊച്ചി: മാതാപിതാക്കളുടെ ക്രൂര മര്‍ദനത്തിനിരയായി കൊച്ചി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്‍ സുഖം പ്രാപിച്ചുവരുന്നു. മെഡിക്കല്‍ കോളജ് പൊള്ളല്‍ ചികിത്സാകേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്. കുട്ടിയുടെ പൊള്ളലേറ്റതായി സംശയിക്കുന്ന വ്രണങ്ങള്‍ കരിഞ്ഞുതുടങ്ങിയ നിലയിലാണ്. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാല്‍ അവശത വിട്ടുമാറിയിട്ടില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലാവകാശ കമീഷന്‍ അംഗം മിനി കുരുവിള, എ.ഡി.എം സി.കെ. പ്രകാശന്‍ എന്നിവര്‍ കുട്ടിയെ സന്ദര്‍ശിച്ച് മൊഴിയെടുത്തു. കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെി ചികിത്സാ സൗകര്യം വിലയിരുത്തി. കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജെനറ്റ് ജോര്‍ജ്, എറണാകുളം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കെ.എം. നിഷാദ് എന്നിവരും സന്ദര്‍ശിച്ചു.
കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ബാലാവകാശ കമീഷന്‍ അംഗം മിനി കുരുവിള പറഞ്ഞു. ചൂടുവെള്ളം ഒഴിച്ചതായും തേങ്ങ കൊണ്ട് ഇടിച്ചെന്നും കമ്പിവടി കൊണ്ട് അടിച്ചെന്നും പത്തുദിവസമായി ഭക്ഷണം കഴിച്ചിട്ടില്ളെന്നും കുട്ടി കമീഷന് മൊഴി നല്‍കി. എറണാകുളത്തെ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അടിമാലിയില്‍നിന്ന് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് കമീഷന്‍ അംഗം പറഞ്ഞു. ഇതോടൊപ്പം ചികിത്സയിലുള്ള കുട്ടിയുടെ രണ്ട് സഹോദരങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്നും സര്‍ക്കാറിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടും. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് എറണാകുളം
ജനറല്‍ ആശുപത്രിയില്‍നിന്ന് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചത്.
അയല്‍വാസികളുമായി അകന്നു; കുട്ടിയെ വീട്ടുതടങ്കലിലാക്കി
അടിമാലി: അയല്‍വാസികളോടും നാട്ടുകാരോടും അകലം പാലിച്ചാണ് നസീറും കുടുംബവും കഴിഞ്ഞിരുന്നതെന്ന് അയല്‍വാസികള്‍. ജോലിക്കെന്നു പറഞ്ഞ് രാവിലെ സ്വന്തം ഓട്ടോയില്‍ നസീറും ഭാര്യയും പോകും. രാത്രി എട്ടോടെയാണ് തിരിച്ചത്തെുക. രാത്രിയില്‍ വാഹനങ്ങളില്‍ ചിലര്‍ ഇവരുടെ വീട്ടില്‍ എത്തുമായിരുന്നു. കഞ്ചാവ് വാങ്ങാനാണ് ഇവര്‍ എത്തുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് അയല്‍വാസികള്‍ നസീറിന്‍െറ കുടുംബവുമായി അകന്നത്.
നസീറിന്‍െറ വീടും പരിസരവും കാടുകയറിയ നിലയിലാണ്. മര്‍ദനമേറ്റ നൗഫലിന് പുറമെ മൂന്നു മാസവും ഏഴ് വയസ്സും പ്രായമുള്ള രണ്ടു കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്. കുട്ടികള്‍ ദിവസങ്ങളായി വീട്ടില്‍ തടങ്കലിലാണെങ്കിലും അയല്‍വാസികള്‍ അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച നസീര്‍ കഞ്ചാവ് കേസില്‍ എക്സൈസ് പിടിയിലായതാണ് നാടിനെ നടുക്കിയ ക്രൂരത പുറത്തറിയാന്‍ കാരണം.
നസീറിനെ ജാമ്യത്തിലിറക്കാന്‍ ഭാര്യ സലീന ആവശ്യപ്പെടത് അനുസരിച്ച് ഇവരുടെ വീട്ടിലത്തെിയ ഓട്ടോ ഡ്രൈവറുടെ ഇടപെടലിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. നസീര്‍ പെട്ടിക്കട നടത്തുന്ന സ്ഥലം വിജനമാണ്. ഇവിടെ വെച്ചാകാം നൗഫലിനെ ഉപദ്രവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ കഞ്ചാവിനും മദ്യത്തിനും അടിമയാണെങ്കിലും വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. പാറത്താഴത്ത് രമണി രവിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ഒരു വര്‍ഷം മുമ്പാണ് ഇവര്‍ താമസത്തിനത്തെിയത്. നസീര്‍ 2010 മുതല്‍ അടിമാലിയിലുണ്ട്. വാടകവീടുകളിലായിരുന്നു താമസം. നസീറിന്‍െറ സഹോദരി അടിമാലിയില്‍ താമസിക്കുന്നുണ്ട്. ഇതില്‍ കവിഞ്ഞ വിവരങ്ങളൊന്നും ഇവരെ കുറിച്ച് നാട്ടുകാര്‍ക്കും അറിയില്ല.
വീട്ടില്‍നിന്ന് പലപ്പോഴും കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് അയല്‍വാസികള്‍ അറിയിച്ചതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി.എ. ഷംനാദ് പറഞ്ഞു. രണ്ടാഴ്ചയായി നൗഫലിനെ പുറത്തേക്ക് കാണാനുണ്ടായിരുന്നില്ല. ചോദിച്ച അയല്‍വാസികളോട് പനിപിടിച്ചു കിടക്കുകയാണെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.