മഞ്ചേരി: വളാഞ്ചേരിയിലെ വ്യാപാരിയായിരുന്ന എറണാകുളം എളംകുളം വൃന്ദാവന്‍ കോളനിയിലെ വിനോദ്കുമാറിനെ (54) ക്വാര്‍ട്ടേഴ്സില്‍ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും സുഹൃത്തും കുറ്റക്കാര്‍.പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എം.ആര്‍. അനിത പ്രഖ്യാപിക്കും. എറണാകുളം എളംകുളം വെട്ടിച്ചിറ വൃന്ദാവന്‍ കോളനിയില്‍ ‘സുശൈല’ത്തില്‍ പന്തനാനിക്കല്‍ ജസീന്ത ജോര്‍ജ് എന്ന ജ്യോതി (63), ഇവരുടെ സുഹൃത്ത് എടപ്പള്ളി എളമക്കര ബി.ടി.എസ് മാമംഗലം ക്രോസ് റോഡില്‍ ‘പ്ളവര്‍ എന്‍ഗൈ്ളവി’ല്‍ നമ്പത്ത് വീട്ടില്‍ മുഹമ്മദ് യൂസുഫ് എന്ന സാജിദ് (51) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടത്തെിയത്.
2015 ഒക്ടോബര്‍ എട്ടിനാണ് വളാഞ്ചേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വിനോദ്കുമാര്‍ കൊല്ലപ്പെട്ടത്. വിനോദ്കുമാര്‍ മറ്റൊരു വിവാഹം കഴിച്ചത് ജ്യോതി അറിഞ്ഞതോടെ തുടങ്ങിയ ഭിന്നതയാണ് കൊലപാതകത്തില്‍ കലാശിച്ചത്.സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്ക കാരണം വിനോദിനെ കൊലപ്പെടുത്താന്‍ ജ്യോതി അഞ്ചുലക്ഷം രൂപ നല്‍കി കുടുംബസുഹൃത്തായ യൂസുഫിനെ ഏല്‍പ്പിച്ചെന്നാണ് കേസ്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കുറ്റകൃത്യത്തില്‍ ഒത്തൊരുമിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കുറ്റക്കാരെന്ന് കണ്ടത്തെിയത്.ക്രിസ്തുമത വിശ്വാസിയായിരുന്ന ജസീന്ത പിന്നീട് ജ്യോതിയെന്ന പേര് സ്വീകരിച്ച് വിനോദ്കുമാറിനെ വിവാഹം കഴിച്ചതാണ്. ഇവര്‍ ഇറ്റലിയില്‍ നഴ്സായിരുന്നു. ഒരു മകനേയുള്ളൂ എന്നും അവന്‍െറ സംരക്ഷണചുമതല തനിക്കാണെന്നും ജസീന്ത പറഞ്ഞു. ഭാര്യയും മക്കളും കുടുംബവുമുള്ളതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് യൂസുഫും പറഞ്ഞു.
തുണയായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ റിപ്പോര്‍ട്ടുകളും
മഞ്ചേരി: വീടെന്ന അതീവ സുരക്ഷാകേന്ദ്രത്തില്‍ ഏറ്റവും വിശ്വസിക്കപ്പെടേണ്ടവരില്‍ നിന്നുണ്ടായ നീചമായ കൃത്യം കോടതിയില്‍ വിനോദ്കുമാര്‍ വധക്കേസ് വ്യത്യസ്തമാക്കി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശേഖരിച്ച തെളിവുകള്‍ കണ്ണിപൊട്ടാതെ കോടതിയില്‍ ബോധ്യപ്പെടുത്തുകയെന്ന സാഹസവും പ്രോസിക്യൂഷന്‍ നിര്‍വഹിച്ചു. വളാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്സില്‍ പുലര്‍ച്ചെ 1.10നാണ് വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടേറ്റശേഷം എഴുന്നേറ്റ് പിന്നീടുള്ള അക്രമം ഇദ്ദേഹം കൈകള്‍കൊണ്ട് തടഞ്ഞിട്ടുണ്ട്. കുടുംബസുഹൃത്ത് മുഹമ്മദ് യൂസുഫിനെ നേരത്തേതന്നെ വിനോദ്കുമാറിന്‍െറ ഭാര്യ ജസീന്ത ജോര്‍ജ് എന്ന ജ്യോതി എറണാകുളത്തുനിന്ന് വരുത്തി വീട്ടില്‍ ഒളിപ്പിച്ചിരുന്നു.
വിനോദ്കുമാറിനെ വധിക്കുകയും ജ്യോതിക്ക് പരിക്കേല്‍പ്പിച്ച് പുറത്തുനിന്നത്തെിയ അക്രമിസംഘത്തിന്‍െറ കൃത്യമെന്ന് വരുത്താനുമായിരുന്നു പദ്ധതി. ഏതാനും വെട്ടേറ്റ വിനോദ്കുമാര്‍ വീണു. ഫോണെടുത്ത് സ്ഥാപനത്തിലെ ജീവനക്കാരന്‍ വിനോദിനെ വിളിച്ച് തന്നെ യൂസഫ് വെട്ടിയെന്ന് പറയാന്‍ വിനോദ്കുമാറിന് അവസരം ലഭിച്ചു. മരിച്ചിട്ടില്ളെന്ന് ഉറപ്പാക്കി വീണ്ടും യൂസുഫ് വിനോദ്കുമാറിനെ വെട്ടി. ഫോണ്‍ നിലത്തുവീണ് പൊട്ടി.
ശരീരത്തില്‍ 99 മുറിവുകളാണ്. ഇതില്‍ പലതും കൈകൊണ്ട് തടഞ്ഞപ്പോഴേറ്റതാണ്. കൃത്യം കഴിഞ്ഞ് ജ്യോതിയെയും വെട്ടിപ്പരിക്കേല്‍പ്പിക്കാനായിരുന്നു പദ്ധതി. തന്നെ വെട്ടാന്‍ ജ്യോതി പറഞ്ഞുകൊണ്ടിരുന്നെന്നും എന്നാല്‍, കൈവിറച്ച് യൂസുഫിന് അത് സാധ്യമായില്ളെന്നും പ്രോസിക്യൂഷന്‍ കേസ് രേഖകള്‍ പറയുന്നു. സ്ഥാപനത്തിലെ ജീവനക്കാരന്‍െറ മൊഴിക്ക് മുമ്പേ തന്നെ ജ്യോതിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ മൊഴി തെളിയിക്കാന്‍ ടെലഫോണ്‍ രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.
കൃത്യം കഴിഞ്ഞ് പുലര്‍ച്ചെ 1.50ന് മുഹമ്മദ് യൂസുഫ്, വിനോദ്കുമാറിന്‍െറ ഇന്നോവ കാറില്‍ എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനിലത്തെി. കാര്‍ പുറത്തുനിന്ന് പൂട്ടി കെ.എസ്.ആര്‍.ടി.സി ബസില്‍ എറണാംകുളത്തേക്ക് പോയി. വാഹനത്തിലും വീട്ടില്‍നിന്ന് ലഭിച്ച മുടികളും വസ്ത്രത്തില്‍ നിന്നും മറ്റുമായി എടുത്ത ഡി.എന്‍.എയും ശാസ്ത്രീയതെളിവുകളായി കേസിനെ ബലപ്പെടുത്തി. ഗൃഹനാഥന്‍ വെട്ടേറ്റ് മരിക്കുകയും ഭാര്യ മുറിവേറ്റ് രക്തം വാര്‍ന്ന് കിടക്കുകയും ചെയ്തത് കണ്ട് പ്രഥമ വിവരറിപ്പോര്‍ട്ടില്‍ ആദ്യം പൊലീസ് കൊലപാതകത്തിനും കൊലപാതകശ്രമത്തിനും രണ്ട് വകുപ്പുകളിട്ടാണ് കേസ് അന്വേഷണം തുടങ്ങിയത്. പിന്നീട് ഗൂഢാലോചന പുറത്തായതോടെ സാക്ഷി പ്രതിയായി. കഴുത്തില്‍ മുറിവേറ്റ നിലയില്‍ പിറ്റേ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് ജ്യോതിയെ കാണുന്നത്. വളാഞ്ചേരി സി.ഐ കെ.ജി. സുരേഷിന്‍െറ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. നേരത്തേ ഹൈകോടതിയും സുപ്രീം കോടതിയും ജ്യോതിക്ക് ജാമ്യം നിഷേധിച്ചിരുന്നു. അനസ് വരിക്കോടനായിരുന്നു കേസില്‍ ഗവ. പ്ളീഡര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.