64,003 പുസ്തകങ്ങള്‍കൂടി അച്ചടിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തകം തികയാതെ വന്നതോടെ 64003 പുസ്തകങ്ങള്‍കൂടി അച്ചടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് ടെക്സ്റ്റ് ബുക് ഓഫിസര്‍ കെ.ബി.പി.എസിന് കത്തയച്ചു. അതേസമയം അച്ചടി പൂര്‍ത്തിയായ പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് കെ.ബി.പി.എസിലും ബുക് ഡിപ്പോകളിലുമായി കെട്ടിക്കിടക്കുന്നത്. ഒന്നുമുതല്‍ എട്ട് വരെയുള്ള ക്ളാസുകളില്‍ കുറവുള്ള പാഠപുസ്തകങ്ങള്‍ അച്ചടിക്കാനാണ് ടെക്സ്റ്റ് ബുക് ഓഫിസര്‍ കെ.ബി.പി.എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 84 ഓളം ടൈറ്റിലുകളിലായി 64003 പാഠപുസ്തകങ്ങള്‍ ഇനിയും അച്ചടിക്കണമെന്നാണ് കത്തിലെ നിര്‍ദേശം. പാദവാര്‍ഷിക പരീക്ഷ ഈമാസം 29ന് തുടങ്ങാനിരിക്കെ പുസ്തകവിതരണം പൂര്‍ത്തിയാക്കാനാകാത്തത് വിദ്യാഭ്യാസവകുപ്പിന് തിരിച്ചടിയായി. പല പാഠപുസ്തകങ്ങളുടെയും അച്ചടി  പൂര്‍ത്തിയായിട്ടില്ല. എട്ടാം ക്ളാസില്‍ കുറവുള്ള അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഇതുവരെ ഉത്തരവും നല്‍കിയിട്ടില്ല.

കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താതെ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഉത്തരവ് നല്‍കിയതാണ് ഇത്തവണ പാഠപുസ്തകങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണം. അച്ചടിച്ച പുസ്തകങ്ങളുടെ വിതരണത്തിലും പാളിച്ചയുണ്ടായി. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് പാഠപുസ്തകങ്ങള്‍ നല്‍കിയതായും ആരോപണമുണ്ട്. സര്‍ക്കാര്‍ കണക്കെടുക്കാത്ത സ്കൂളുകള്‍ക്ക് ഏത് കേന്ദ്രങ്ങളില്‍ നിന്നാണ് പുസ്തകം ലഭിച്ചതെന്ന് കണ്ടത്തൊനായിട്ടില്ല.
10 ശതമാനം പുസ്തകങ്ങള്‍ അധികം അച്ചടിക്കുന്ന പതിവ് തെറ്റിച്ചതും ഇത്തവണത്തെ പ്രതിസന്ധിക്ക് കാരണമായി. അച്ചടിച്ച 1.88 ലക്ഷം പുസ്തകങ്ങള്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ളെന്നും പാഠപുസ്തക ഓഫിസറുടെ കത്തില്‍ പറയുന്നു. `സ്കൂളുകള്‍ക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ കണക്കെടുക്കുന്നത് ഐ.ടി അറ്റ് സ്കൂളാണ്. ഈ കണക്ക് കെ.ബി.പി.എസിന് കൈമാറാത്തതാണ് വിതരണത്തിലെ അപാകതക്ക് കാരണം. നാല് ദിവസത്തിനകം പുസ്തകങ്ങള്‍ എത്തിക്കാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

നാലുദിവസത്തിനുള്ളില്‍  പാഠപുസ്തകം ലഭ്യമാക്കും –മന്ത്രി

തിരുവനന്തപുരം: നാലുദിവസത്തിനുള്ളില്‍ സ്കൂളുകളില്‍ പാഠപുസ്തകം ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ചില സ്കൂളുകളില്‍ പാഠപുസ്തകം ലഭിച്ചില്ളെന്ന വിവരം വൈകിയാണ് അറിഞ്ഞത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ കെ.ബി.പി.എസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരീക്ഷ അടുത്തിട്ടും പുസ്തകങ്ങള്‍ കിട്ടാത്തത് സംബന്ധിച്ച് ‘മാധ്യമ’മാണ് വാര്‍ത്ത പുറത്തുവിട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.