നൗഫല്‍ മാതാപിതാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തിന്‍െറ ഇരയെന്ന് ബന്ധുക്കള്‍

കൊച്ചി: അടിമാലിയില്‍ ക്രൂരപീഡനത്തിനിരയായ ഒമ്പതുവയസ്സുകാരന്‍ നൗഫല്‍ മാതാപിതാക്കളുടെ ലഹരി ഉപയോഗത്തിന്‍െറ ഇരയെന്ന് ബന്ധുക്കള്‍. മാതാപിതാക്കളായ നസീറും സെലീനയും മയക്കുമരുന്നിന് അടിപ്പെട്ടവരായിരുന്നു. നസീറാണ് സെലീനക്ക് മയക്കുമരുന്ന് നല്‍കിയിരുന്നത്. പത്തുവര്‍ഷം മുമ്പാണ് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പരിചയപ്പെടുന്നത്. അന്ന് സെലീനക്ക് ഭര്‍ത്താവും ഒരു കുട്ടിയുമുണ്ടായിരുന്നു. അവരെ ഉപേക്ഷിച്ചാണ് കാസര്‍കോട്ടുകാരിയായ സെലീന നസീറിനൊപ്പം ജീവിതം തുടങ്ങിയത്. ഈ ബന്ധത്തെ നസീറിന്‍െറ കുടുംബാംഗങ്ങള്‍ എതിര്‍ത്തു.

വൃത്തിഹീന ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. കുട്ടികളെയും വൃത്തിഹീനമായാണ് വളര്‍ത്തിയത്. അതുകൊണ്ടുതന്നെ അയല്‍ക്കാരും ബന്ധുക്കളും ഇവരുടെ വീട്ടില്‍ പോയിരുന്നില്ല. നൗഫല്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് ഇരുവരും മര്‍ദിക്കാന്‍ തുടങ്ങിയത്. നസീര്‍ വൈകുന്നേരം വീട്ടിലത്തെുമ്പോള്‍ നൗഫലിനെക്കുറിച്ച് സെലീന പരാതി പറയും. പിന്നീട് കൈയില്‍ കിട്ടുന്ന സാധനം ഉപയോഗിച്ച് നസീര്‍ മര്‍ദിക്കുമായിരുന്നു. നസീറില്ലാത്ത സമയത്ത് സെലീനയും മര്‍ദിക്കും. ദേഹത്ത് ചൂടുവെള്ളം ഒഴിച്ചതും പൊതിച്ച തേങ്ങ തുണിയില്‍ പൊതിഞ്ഞ് തല്ലിയതും സെലീനയാണ്. കഞ്ചാവുകേസില്‍ നസീര്‍ അറസ്റ്റിലായശേഷമാണ് സെലീന നൗഫലിനെ ക്രൂരമായി മര്‍ദിച്ചത്. പാന്‍മസാലയും മദ്യവും കിട്ടാതായതോടെ നൗഫലിനെ റൂമില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.  

രണ്ടുമാസത്തെ കൊടിയ പീഡനമാണ് കുട്ടി അനുഭവിച്ചത്. നൗഫലിനെക്കൂടാതെ ഏഴുവയസ്സുള്ള ഒരുമകനും മൂന്നുമാസം പ്രായമുള്ള മകളും ഇവര്‍ക്കുണ്ട്. ഇവരെ മാതാപിതാക്കളുടെ കൂടെ വിട്ടാല്‍ അവരുടെ ജീവനും അപകടത്തിലാകുമെന്ന് ബന്ധുക്കള്‍ പറയുന്നു. നസീറിന്‍െറ മൂത്ത സഹോദരിക്ക് പെണ്‍കുട്ടികളില്ല. ഈ കുട്ടികളുടെ സംരക്ഷണച്ചുമതല നല്‍കിയാല്‍ ഏറ്റെടുക്കുമെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.