മലയോര–തീരദേശ ഹൈവേകള്‍ നിര്‍മിക്കുമെന്ന് മന്ത്രി സുധാകരന്‍

തിരുവനന്തപുരം: കേരളത്തെ തെക്ക്-വടക്ക് ബന്ധിപ്പിച്ച് മലയോര ഹൈവേയും തീരദേശ ഹൈവേയും നിര്‍മിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. കാസര്‍കോട് നന്താരപ്പടവ് മുതല്‍ തിരുവനന്തപുരം കടുക്കരവരെ 1195 കിലോമീറ്റര്‍ നീളത്തിലാണ് മലയോര ഹൈവേ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാസര്‍കോട് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം ജില്ലയിലെ പൂവാര്‍വരെ 606 കിലോമീറ്റര്‍ നീളത്തിലാണ് തീരദേശ ഹൈവേ. ഇരുപാതകളും ഏഴ് മീറ്റര്‍ വീതിയിലാകും നിര്‍മിക്കുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയോര ഹൈവേ നിര്‍മാണത്തിന് ആറായിരം കോടിയും തീരദേശ ഹൈവേക്ക് നാലായിരം കോടിയും ചെലവുവരുമെന്നാണ് പ്രതീക്ഷ. തീരദേശ ഹൈവേ നിര്‍മാണം കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചറല്‍ ഫണ്ട് ബോര്‍ഡ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും മലയോര ഹൈവേ നിര്‍മാണം നബാര്‍ഡ് സഹായത്തോടെയും അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. നാല് മാസത്തിനകം പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശംനല്‍കി. മലയോര ഹൈവേ നിര്‍മാണത്തില്‍നിന്ന് ഇടതുസര്‍ക്കാര്‍ പിന്മാറിയെന്ന് യു.ഡി.എഫ് ആക്ഷേപം ഉന്നയിക്കുന്നതിനിടെയിലാണ് പദ്ധതി പ്രഖ്യാപനം.
നന്ദാരപ്പടവ് മുതല്‍ ചെറുപുഴവരെ 33 കി.മീ മലയോര ഹൈവേ നിര്‍മിക്കാനാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. മലയോര ഹൈവേ ആലപ്പുഴ ഒഴികെ ജില്ലകളിലൂടെ കടന്നുപോകും. തീരദേശ ഹൈവേ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെയാണുള്ളത്. ചിലഭാഗങ്ങളില്‍ തീരദേശ റോഡ് നിലവിലുണ്ട്. ഇവയെ ബന്ധിപ്പിച്ചാകും ഹൈവേ നിര്‍മിക്കുക. ഭൂമി ഏറ്റെടുക്കലും കൂടുതലായി വേണ്ടിവരില്ല.
ജില്ലാ ഫ്ളാഗ്ഷിപ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും റോഡുകള്‍ നിര്‍മിക്കും. ഇവയുടെ നിര്‍മാണച്ചുമതല സര്‍ക്കാര്‍ വഹിക്കും. ആവശ്യമായ തുക നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ടത്തെും. ഫണ്ട് നീക്കിവെക്കാതെ, ഭരണാനുമതിയോ സാങ്കേതികാനുമതിയോ ലഭിക്കാതെ റോഡുകള്‍ നിര്‍മിക്കുമെന്ന യു.ഡി.എഫ് ഭരണകാലത്തെ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.