കോഴിക്കോട്: മനുഷ്യാവകാശ ലംഘനം സംസ്കാരമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് മനുഷ്യാവകാശ കമീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ്. ‘മാധ്യമം’ ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള മാധ്യമം റിക്രിയേഷൻ ക്ലബിന്റെ വിദ്യാഭ്യസ സ്കോളർഷിപ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മനുഷ്യന്റെ അന്തസ്സ് ഓരോ നിമിഷവും ഹനിക്കപ്പെടുകയാണ്. മനുഷ്യാവകാശ ലംഘനത്തിനെതിരെ പോരാടാൻ ശബ്ദമില്ലാത്ത, ആയുധമില്ലാത്ത ഒരു വലിയ സമൂഹം നമുക്കു ചുറ്റുമുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കാൻ നിയമങ്ങളോ സംവിധാനങ്ങളോ മാത്രം പോരാ. ഓരോരുത്തരും മനുഷ്യനാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എ. ആയിഷ സ്വപ്ന മുഖ്യാതിഥിയായി. നല്ല വിദ്യാഭ്യാസംകൊണ്ട് ജോലിയും പദവിയും നേടുന്നതിനോടൊപ്പം സ്വന്തം കുടുംബത്തിനും സമൂഹത്തിനും എന്ത് തിരികെ നൽകും എന്നുകൂടി വിദ്യാർഥികൾ ചിന്തിക്കണമെന്ന് അവർ പറഞ്ഞു. തന്റെ ആഗ്രഹങ്ങളെല്ലാം നിറവേറ്റാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ് എന്ന ചിന്തയിൽനിന്ന് വിദ്യാർഥികൾ മുക്തരാവണം. ജീവിതാവസാനം വരെ പഠനത്തിനും നവീകരണത്തിനും കുട്ടികൾ തയാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസമെന്ന പ്രാഥമികമായ അവകാശംപോലും നിഷേധിക്കപ്പെട്ട ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയും ചികിത്സ പോലും ലഭിക്കാതെ മരിച്ചുവീഴുകയും ചെയ്യുന്ന കാലത്ത് ഇത്തരം അനീതികൾക്കെതിരെ ശബ്ദമുയർത്താൻ പുതിയ തലമുറ സജ്ജമാകണമെന്ന് ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഓർമിപ്പിച്ചു.
കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ‘മാധ്യമം’ റിക്രിയേഷൻ ക്ലബ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാഷിം എളമരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. നൗഷാദ് ജേതാക്കളെ പരിചയപ്പെടുത്തി. മാധ്യമം ചീഫ് ഫിനാൻസ് ഓഫിസർ എ.കെ. സിറാജ് അലി, മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡന്റ് എം. ഫിറോസ്ഖാൻ എന്നിവർ ആശംസയർപ്പിച്ചു. ക്ലബ് സെക്രട്ടറി എ. ബിജുനാഥ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.സി. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. പത്താം ക്ലാസിലും പ്ലസ് ടുവിനും ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലും ഉന്നതവിജയം കരസ്ഥമാക്കിയ നൂറുൽ ഇസ്ലാം, പി.എസ്. മെഹറീൻ ഫാത്തിമ, എം.എസ്. സഫിയ ഫാത്തിമിയ, ടി. അനൂഫ, കെ. ശിവപ്രിയ, പി. ഗാഥ, തമന്ന നസ്റീൻ, എ.പി. ഫാദിയ ജഹാൻ, നിദ നൗഷാദ്, തമീം ബന്ന, ടി. നിരഞ്ജൻ, കെ.കെ. ആയിഷ നൂൻ, കെ.ടി. ഹിദായ റോഷൻ, ആമിന താജ്, ഫിദ റിൻഷി, എൻ.എൻ. സൽമാൻ ഫാരിസി, എം.പി. ദിയ, ആയിഷ ഹിബ, എം.എൻ. മെഹറിൻ, ഒ.എ. നേഥ, എം.സി. ഇൽഹാം, കെ.വി. മുഹമ്മദ് ഫവാസ്, പി. ഷഹ്മ, പി.പി. ദിൽഷ, അൽ ഷിഫ ജമാൽ, ഷഹമ ഫൈസ്, കെ.ബി. ആഷിൻ, അഖിൽ ആന്റണി സെബാസ്റ്റ്യൻ, പി. അനാമിക, ആനന്ദ് കിരൺ, പാർവതി ശ്രീകാന്ത് എന്നിവർ പ്രശസ്തിപത്രവും ഫലകവും കാഷ് അവാർഡും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.