ഉമ തോമസിന്‍റെ തലച്ചോറിന് ക്ഷതമേറ്റു; വാരിയെല്ല് പൊട്ടി ശ്വാസകോശത്തിനും പരിക്ക്; അടിയന്തര ശസ്ത്രക്രിയയുടെ സാഹചര്യമില്ലെന്ന് ഡോക്ടർമാർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിന്‍റെ ഗാലറിയിൽനിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എൽ.എക്ക് അടിയന്തര ശസ്ത്രക്രിയയുടെ സാഹചര്യമില്ലെന്ന് ഡോക്ടർമാർ. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിന് ക്ഷതമേറ്റു. നട്ടെല്ലിനും പരിക്കുണ്ടെന്ന് ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു.

സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം എം.എൽ.എയെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ബോധം, പ്രതികരണം, ഓർമ എന്നിവയെ ഒക്കെ ബാധിക്കാവുന്ന മുറിവുകളാണ്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല. ആന്തരിക രക്തസ്രാവം ഇല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. വെന്‍റിലേറ്ററിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഉമാ തോമസ്. മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ് എന്നിവരും മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അടക്കം ആശുപത്രിയിലെത്തിയിട്ടുണ്ട്.

നൃത്ത പരിപാടിക്കെത്തിയ ഉമ തോമസ് കൊച്ചി കലൂർ അന്തരാഷ്ടട്ര സ്റ്റേഡിയത്തിൽനിന്ന് താഴേക്ക് വീണാണ് ഗുരുതര പരിക്കേറ്റത്. മൃദംഗ വിഷൻ എന്ന സംഘടനയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉടനെയാണ് വി.ഐ.പി ഗാലറിയിൽനിന്ന് എം.എൽ.എ താഴേക്ക് വീണത്. ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. വീഴ്ചക്കിടെ കോൺക്രീറ്റ് പാളിയിൽ തലയിടിച്ചതായാണ് അറിയുന്നത്. കോൺക്രീറ്റ് പതിച്ച തറയിലേക്കാണ് ഒരു വശം ചരിഞ്ഞ് വീണത്. തല പൊട്ടി നിലക്കാതെ രക്ത പ്രവാഹമുണ്ടായിരുന്നു.

മൂക്കിലൂടെയും രക്തം വരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ സംഘാടകരും സ്ഥലത്തുണ്ടായിരുന്ന ഡോക്ടറും മറ്റുള്ളവരും ഓടിയെത്തി തൊട്ടടുത്ത പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ എം.എൽ.എയെ എത്തിച്ചു. സ്റ്റേഡിയത്തിൽ ഗ്രൗണ്ടിനോട് ചേർന്ന് പത്തടിയിലേറെ ഉയരത്തിലുള്ള ആദ്യ നിരയിലാണ് വി.ഐ.പി ഗാലറി ഒരുക്കിയിരുന്നത്. പരിപാടിക്കെത്തിയ എം.എൽ.എ താഴത്ത് നിന്ന് നടന്നു കയറി വി.ഐ.പി ഗാലറി ഭാഗത്ത് എത്തിയയുടനെയായിരുന്നു സംഭവം. ഉദ്ഘാടകനായ മന്ത്രിയെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ വീഴ്ചയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

സുരക്ഷയുടെ ഭാഗമായി റിബൺ കോർത്തായിരുന്നു ഗാലറിയിൽ നിന്ന് താഴേക്കുള്ള ഭാഗത്ത് വേർതിരിച്ചിരുന്നതെന്നാണ് സൂചന. സ്റ്റേഡിയത്തിൽ വെച്ച് പരിശോധിച്ചപ്പോൾ ഓക്സിജന്‍റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഓക്സിജൻ ഘടിപ്പിച്ചാണ് ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. സി.ടി സ്കാനടക്കം നടപടികൾ ഇപ്പോൾ നടന്നുവരികയാണ്.

Tags:    
News Summary - Uma Thomas suffered a brain injury; Lung injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.