കോന്നി: സി.പി.എം പത്തനംതിട്ട ജില്ല സമ്മേളനത്തിൽ ജില്ല, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനം. പ്രതിനിധി സമ്മേളനത്തിലാണ് ജില്ല സമ്മേളന പ്രതിനിധികൾ രൂക്ഷ വിമർശനം ഉന്നയിച്ചത്. എം.എൽ.എ, മന്ത്രിസ്ഥാനങ്ങൾ വഹിച്ച ജി. സുധാകരൻ ജനശ്രദ്ധ ലഭിക്കാൻ വായിൽ തോന്നിയത് വിളിച്ചുപറയുന്നുവെന്നും സുധാകരനെ നിയന്ത്രിക്കണമെന്നും കോഴഞ്ചേരി ഏരിയയിൽനിന്നുള്ള പ്രതിനിധി വിമർശനം ഉയർത്തി. ഇ.പി. ജയരാജനെതിരെയും സമ്മേളനത്തിൽ രൂക്ഷവിമർശനം ഉണ്ടായി. രാഷ്ട്രീയ നേതാവ് എന്ന നിലയിൽ പ്രകാശ് ജാവദേക്കറെ കണ്ടത് മനസ്സിലാക്കാം. എന്നാൽ, ദല്ലാൾ നന്ദകുമാറിനെ ഇ.പി കണ്ടതിന് എന്ത് ന്യായീകരണമാണുള്ളതെന്നും പ്രതിനിധികൾ ചോദിച്ചു.
സി.പി.എം ജില്ല നേതൃത്വത്തിന് ലഭിക്കുന്ന പരാതികളിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ കഴിയുന്നില്ല. താഴെതട്ടിൽ പ്രവർത്തിക്കുന്നവരെയും ജനകീയരായവരെയും ഒഴിവാക്കി പാർട്ടി പിടിക്കുന്ന രീതി ഭരണകൂട ഭീകരത പോലെയാണ് ജില്ല നേതൃത്വം നടപ്പാക്കുന്നത്. വിഷയങ്ങളിൽ അഭിപ്രായം പറയുന്നവരോട് കാണിക്കുന്ന അനിഷ്ടം, അസഹിഷ്ണുത എന്നിവ ജില്ല നേതൃത്വത്തിന്റെ ജീർണതയാണ്. ഓൺലൈൻ ചാനലുകളെ പിന്തുണക്കുന്ന പാർട്ടി നയം മാറണം.
സർക്കാർ സംവിധാനത്തിൽ പാർട്ടി പ്രവർത്തകർക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ല. ജില്ല കമ്മിറ്റി ഓഫിസിൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ തമ്മിലടിച്ചത് മിനിറ്റുകൾക്കുള്ളിൽ ചാനലിൽ വാർത്തയായിരുന്നു. വാർത്ത ചോർത്തിയവരെ കണ്ടെത്താൻ കഴിഞ്ഞില്ല. അത്തരക്കാരെ സംരക്ഷിക്കുന്നവർ സമ്മേളന വാർത്തകൾ ചോർത്തുന്നു എന്ന് ആരോപിച്ച് പ്രതിനിധികളെ ഭീഷണിപ്പെടുത്തുന്നു. പൊലീസിനെതിരെയും സമ്മേളനത്തിൽ രൂക്ഷവിമർശനം ഉയർന്നു. പൊലീസ് ആകെ ചെയ്യുന്ന ജോലി ഫോട്ടോയെടുക്കലും പെറ്റി അടിക്കലും മാത്രമാണ്. പൊലീസിനെക്കൊണ്ട് ജനങ്ങൾക്ക് ഗുണമില്ല. പത്തനംതിട്ട സ്റ്റേഷനിൽ സി.പി.എമ്മുകാർക്ക് ലോക്കപ്പും ബി.ജെ.പി പ്രവർത്തകർക്ക് തലോടലുമാണ് ലഭിക്കുന്നത്. തുടർച്ചയായ പിരിവുകൾ പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാരെ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുന്നു. ബി.ജെ.പിയിൽനിന്ന് പാർട്ടിയിലേക്ക് വരുന്നവരുടെ പശ്ചാത്തലം പരിശോധിക്കണം. പിന്നീട് സംഘർഷം ഉണ്ടാകാൻ പാടില്ല. ഏകപക്ഷീയമായി ആളുകളെ ചേർക്കുന്ന രീതി ശരിയല്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. പാർട്ടി അംഗങ്ങളിൽ 25 ശതമാനംപേർ പട്ടികജാതി വിഭാഗക്കാരാണെങ്കിലും ജില്ല കമ്മിറ്റിയിൽ പട്ടികജാതി വിഭാഗക്കാരുടെ കുറവുണ്ട്. സർവകലാശാലകളിൽ മികച്ച വിജയം നേടുന്ന എസ്.എഫ്.ഐയെക്കുറിച്ച് പൊതുസമൂഹത്തിൽ മോശം അഭിപ്രായമാണ്. പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാരെ കണ്ടാൽ പിരിവാണെന്ന് കരുതി ഓടിയൊളിക്കുന്നുവെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.