സരിതയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

കൊച്ചി: സോളര്‍ കേസിൽ ബെന്നി ബെഹന്നാന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ്, വ്യവസായി എബ്രഹാം കലമണ്ണില്‍ എന്നിവരുമായി സരിത.എസ്.നായര്‍ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖ പുറത്ത്. സോളര്‍ കമ്മിഷന്‍ മുമ്പാകെ സരിത ഹാജരാക്കിയ സി.ഡിയിലെ രേഖകളാണ് പുറത്തായത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോൺ ഉപയോഗിച്ച കേസിൽ സലിംരാജിനെതിരെ അന്വേഷണം നടക്കുമ്പോൾ സാക്ഷിയായി ഹാജരാകാൻ സരിതക്ക് നോട്ടീസ് ലഭിച്ചിരുന്നു. സരിതയുടെ മൊഴി എടുക്കുന്നതിന് തൊട്ടുമുമ്പാണ് സലീംരാജ് സരിതയെ വിളിച്ചത്,  കോടതിയുടെ ചോദ്യങ്ങള്‍ക്ക് എങ്ങനെ മറുപടി പറയണമെന്ന് സരിതക്ക് സലീംരാജ് പറഞ്ഞ് കൊടുക്കുന്നുണ്ട്. കടപ്ലാമറ്റത്ത് വച്ച് മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് മൊഴി നല്‍കണമെന്നും ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകരുതെന്നും സലീംരാജ് സരിതയോട് പറയുന്നുണ്ട്.

ബെന്നി ബെഹന്നാന്‍ എം.എല്‍.എയുമായുള്ള ശബ്ദരേഖയിൽ മുഖ്യമന്ത്രി നിരന്തരം തന്നെ ആക്ഷേപിക്കുന്നുവെന്ന് സരിത പരാതിപ്പെടുന്നു. പ്രശ്‌നങ്ങൾ തീര്‍ക്കാമാന്ന് ബെന്നി മറുപടി പറയുന്നുണ്ട്. സരിതയുടെ അഭിഭാഷകൻ ഫെന്നി ബാലകൃഷ്ണനുമായി ബെന്നി നടത്തുന്ന ഫോൺ സംഭാഷണത്തിൻെറ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.  അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ബെന്നി ബെഹന്നാന്‍ നിഷേധിച്ചു, സരിത തന്നെ ഇങ്ങോട്ട് വിളിച്ചാണ് സംസാരിച്ചതെന്നും, അത് കേട്ടു നില്‍ക്കുക മാത്രമേ താന്‍ ചെയ്തുള്ളൂവെന്നും ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി.


ആരോപണങ്ങളിലുറച്ച് സരിത; നിഷേധിക്കുന്നവർ ധൈര്യമുണ്ടെങ്കിൽ കേസെടുക്കട്ടെ
കൊച്ചി: സോളാർ കമീഷനിൽ താൻ നൽകിയ ഫോൺരേഖകൾ വ്യാജമാണെന്ന് പറയുന്നവർ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നേരിടാൻ തയ്യാറാകണമെന്ന് സരിത എസ്.നായർ. അന്തസ്സുണ്ടെങ്കിൽ ഇവർ സ്ഥാനമാനങ്ങൾ രാജിവെച്ച് അന്വേഷണത്തിന് തയ്യാറാകണം. അന്വേഷണം നടത്തുന്നത് കേരളത്തിന് പുറത്തുള്ള എജൻസിയായിരിക്കണം. ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ അന്വേഷിച്ചാൽ ഗുണമുണ്ടാവില്ലെന്നും സരിത വ്യക്തമാക്കി.  ഫോൺരേഖകൾ വ്യാജമാണെന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എം.എല്‍.എ എന്നിവരുടെ വാദങ്ങൾക്ക് മറുപടി പറയുകായിയരുന്നു സരിത . കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
 

Full ViewFull View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.