ലൈംഗിക ആരോപണങ്ങൾ രഹസ്യമായി സമർപ്പിക്കാൻ സരിതക്ക് അനുമതി

കൊച്ചി: ലൈംഗിക ആരോപണങ്ങൾ സീൽ ചെയ്ത കവറുകളിൽ സമർപ്പിക്കാൻ സോളാർ കമീഷൻ സരിത നായർക്ക് അനുമതി നൽകി. രാഷ്ട്രീയ-ഉദ്യോഗ തലങ്ങളിലെ 13 പേരുമായി ബന്ധപ്പെട്ട തെളിവുകൾ രണ്ട് കവറുകളിലായി സമർപ്പിക്കണം. ഇതിൽ ഒരു കവറിൽ ലൈംഗികാരോപണങ്ങളും മറ്റൊന്നിൽ രേഖകളും നൽകാനാണ് കമീഷൻ നിർദേശിച്ചത്. കമീഷന്‍റെ ബുധനാഴ്ചത്തെ തെളിവെടുപ്പ് മാറ്റിവെച്ച് സരിതക്ക് കോയമ്പത്തൂരിലേക്ക് പോകാൻ അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കുന്നതിന് വേണ്ടിയാണ് യാത്രാനുമതി. വ്യാഴാഴ്ച കമീഷൻ മുമ്പാകെ ഹാജരാകണമെന്നും ജസ്റ്റിസ് ശിവരാജൻ നിർദേശിച്ചു.

രഹസ്യമൊഴി എടുക്കാമെങ്കിൽ സോളാർ കമീഷൻ മുമ്പാകെ ലൈംഗിക ആരോപണങ്ങൾ വെളിപ്പെടുത്താൻ തയാറെന്ന് സരിത നായർ രാവിലെ അറിയിച്ചിരുന്നു. സോളാർ അഴിമതിയുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങൾ സ്വകാര്യതയാണ്. ഇത് തുറന്ന കോടതിയിൽ ചർച്ച ചെയ്യാൻ യോഗ്യതയില്ലാത്തതാണ്. രഹസ്യ സിറ്റിങ് വെച്ചാൽ ഇക്കാര്യങ്ങൾ പങ്കുവെക്കുന്നതിൽ വിരോധമില്ലെന്നും സരിത പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹനാനും പി.സി വിഷ്ണുനാഥിനും എതിരെ സരിത മൊഴി നൽകിയിട്ടുണ്ട്. 2011 നവംബറിൽ ബെന്നി ബെഹനാന് പാർട്ടി ഫണ്ട് ഇനത്തിൽ അഞ്ച് ലക്ഷം രൂപയും 2012ൽ മാനവിക യാത്രയുടെ സംഭാവനയായി വിഷ്ണുനാഥിന് രണ്ട് ലക്ഷം രൂപയും നൽകിയെന്ന് സരിത പറഞ്ഞു. ഒറ്റപ്പാലത്തും എറണാകുളം ഗസ്റ്റ് ഹൗസിലും വെച്ച് ഒാരോ ലക്ഷം രൂപ വീതമാണ് വിഷ്ണുവിന് കൈമാറിയത്. ഒറ്റപ്പാലത്ത് വിഷ്ണുനാഥിന്‍റെ നിർദേശ പ്രകാരം ഒരു പാർട്ടി പ്രവർത്തകനാണ് പണം കൈമാറിയത്. ഇവക്കൊന്നും രസീത് നൽകിയിട്ടില്ല. ബെന്നി ബെഹനാനെ നേരത്തെ അറിയാമെന്നും സരിത പറഞ്ഞു.  

ടീം സോളാറിൽ നിന്ന് പല രാഷ്ട്രീയ നേതാക്കളും സംഭാവന വാങ്ങിയിട്ടുണ്ട്. എന്നാൽ, ഇവയിൽ നേരിട്ട് ഇടപെടാത്തതിനാൽ തെളിവ് നൽകാനാവില്ല. തെളിവ് ലഭിക്കുന്ന മുറക്ക് കമീഷന് മുമ്പാകെ ഹാജരാക്കാം. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെയും മാത്രമെ സമീപിച്ചിട്ടുള്ളൂവെന്നും സരിത കമീഷനെ അറിയിച്ചു. എന്നാൽ, കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന് സോളാർ കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണൻ 10 ലക്ഷം രൂപ നൽകിയതിനെ കുറിച്ച് അറിയില്ലെന്ന് സരിത പറഞ്ഞു.

സോളാർ പദ്ധതി നടപ്പാക്കുന്നതിന് പാലക്കാട് കിൻഫ്രയുടെ 113 ഏക്കർ ഭൂമി നൽകാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിൽ ടെനി ജോപ്പനുമായി വ്യവസായ മന്ത്രിയുടെ പി.എ അബ്ബാസ് സേഠിനെ കണ്ടു. ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് മടങ്ങിയതിന് പകരമായി രണ്ട് ലക്ഷം രൂപ പണമായി നൽകിയിരുന്നു. തനിക്ക് തെളിയിക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് കമീഷനോട് പറഞ്ഞതെന്നും സരിത വ്യക്തമാക്കി.

ആരോപണങ്ങൾക്ക് തെളിവ് കൊണ്ടുവരേണ്ടത് തന്‍റെ ജോലിയല്ലെന്ന് കോൺഗ്രസ് നേതാക്കൾക്കെതിരായ മൊഴി പരാമർശിച്ച് സരിത പറഞ്ഞു. തെളിവ് കണ്ടുപിടിക്കേണ്ടത് സർക്കാരാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, സരിതക്ക് കോയമ്പത്തൂരിലേക്ക് പോകാൻ സോളാർ കമീഷൻ അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കുന്നതിന് വേണ്ടിയാണ് യാത്രാനുമതി നൽകിയത്. വ്യാഴാഴ്ച കമീഷൻ മുമ്പാകെ ഹാജരാകണമെന്നും ജസ്റ്റിസ് ശിവരാജൻ നിർദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.