ക്ലിഫ് ഹൗസിലേക്ക് 130 കാൾ; പൊലീസ് അസോസിയേഷന് 20ലക്ഷം

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് സോളാർ കേസ് പ്രതി സരിത എസ്.നായര്‍ നിരന്തരം ബന്ധപ്പെട്ടതിന്‍റെ രേഖകള്‍ സോളാര്‍ കമീഷന് മുന്നിൽ അഭിഭാഷകന്‍ ഹാജരാക്കി. സരിതയുടെ ഒരു നമ്പറില്‍ നിന്നും 50-ലധികം തവണ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോണില്‍ നിന്ന് 42 തവണയാണ് വിളിച്ചത്. മൂന്നാമത്തെ ഫോണില്‍ നിന്നും 38 തവണ വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും തിരിച്ചും നിരവധി തവണ വിളിച്ചതിന്‍റെ രേഖകളും സരിത ഹാജരാക്കിയ തെളിവുകളിൽ ഉൾപ്പെടുന്നു. സമര്‍പ്പിച്ച രേഖകളിലെ അത്രയും തവണ വിളിച്ചോ എന്ന കമീഷന്‍റെ അഭിഭാഷകന്‍റെ ചോദ്യത്തിന് വിളിച്ചുവെന്ന് സരിത മൊഴി നല്‍കി.

എം.എ.ല്‍എ പിസി വിഷ്ണുനാഥിനെ സരിത ഒരു നമ്പറില്‍ നിന്ന് 175 തവണയും രണ്ടാമത്തെ നമ്പറില്‍ നിന്നും 12 തവണയുമാണ് വിളിച്ചത്. ആര്യാടനെ 81 തവണയും ജോപ്പനെ 1736 തവണയും ജിക്കുവിനെ 475 തവണയും തോമസ് കുരുവിളയെ 140 തവണ വിളിച്ചുവെന്നുമാണ് രേഖകൾ.

സോളാർ കേസ് പ്രതി സരിത എസ്.നായർ കമീഷന് മുദ്ര വെച്ച കവറിൽ തെളിവുകൾ കൈമാറി. 2013 ല്‍ സംസ്ഥാന പോലീസ് അസോസിയേഷന്‍ സെക്രട്ടറി ജി.ആര്‍ അജിത് 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും സരിത മൊഴി നൽകി. സെക്രട്ടേറിയേറ്റ് നോര്‍ത്ത് ബ്ലോക്കിൽ വെച്ച് സംഭാവനയായി പണം നല്‍കി. എന്നാൽ രസീത് തന്നില്ല. പകരം എല്ലാ പോലീസ് സ്‌റ്റേഷനിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പ്രമേയം പാസാക്കാമെന്ന് ഉറപ്പുനല്‍കി. 2013 ഏപ്രില്‍ 13 ന് സോളാര്‍ വൈദ്യുതീകരണം സംബന്ധിച്ച പ്രമേയം പോലീസ് അസോസിയേഷന്‍ പാസാക്കി. തുടര്‍ന്ന് എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി ഉത്തരവ് പാസാക്കി.

കിട്ടിയ പണത്തിന് പകരമായി സ്മരണികയില്‍ പേര് നല്‍കാമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതിനകം തന്നെ അറസ്റ്റിലായതിനെ തുടര്‍ന്ന് 103ാം പേജില്‍ അഭ്യുദയകാംക്ഷിയുടെ ആശംസയെന്ന പേരില്‍ പരസ്യം പ്രസിദ്ധീകരിച്ചു. അഭിഭാഷകന്‍ ഫെനി വഴി, പണം കൈമാറിയത് പുറത്തുപറയരുതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നെന്നും സരിത അറിയിച്ചു

വയനാട് കലക്ട്രേറ്റിൽ സോളാർ ഇലക്ട്രിഫിക്കേഷൻ നടത്താൻ സർക്കാര്‍ ഉത്തരവുണ്ടായിരുന്നു. ആവശ്യമായ സഹായങ്ങൾ ചെയ്തു തന്നത് എം.ഐ.ഷാനവാസിന്‍റെ പി.എ ശൈലേഷാണ് എന്നും സരിത ബോധിപ്പിച്ചു. ശനിയാഴ്ച മുഴുവൻ തെളിവുകളും കൈമാറുമെന്ന് സരിത കമീഷനെ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.