ബാർകോഴ കേസ്: കെ.ബാബുവിന് വീണ്ടും വിജിലൻസിന്‍റെ ക്ലീൻ ചീറ്റ്

കൊച്ചി: ബാർകോഴ കേസിൽ മന്ത്രി കെ.ബാബുവിന് വീണ്ടും വിജിലൻസിന്‍റെ ക്ലീൻ ചീറ്റ്. മന്ത്രി കെ.ബാബുവിന് 50 ലക്ഷംരൂപ കൈമാറിയെന്ന ബിജുരമേശിന്റെ ആരോപണം വ്യാജമാണെന്ന റിപ്പോർട്ട് വിജിലൻസ് എസ്.പി ആർ. നിശാന്തിനി വിജിലൻസ് ഡയറക്ടർക്ക് കൈമാറി. പണം കൊടുത്തുവെന്ന് അവകാശപ്പെടുന്ന സമയത്ത് ബിജുവിന്‍റെയും അസോസിയേഷന്‍റെയും അക്കൗണ്ടുകളിൽ ഇത്രയും പണമില്ലെന്നാണ് കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ തയാറാക്കുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും.

ബാർകോഴക്കേസിൽ മന്ത്രി കെ. ബാബുവിനെതിരെ വിജിലൻസ് നടത്തിയ രണ്ടാമത്തെ ദ്രുതപരിശോധനയിലും തെളിവുകൾ കണ്ടെത്താനായില്ല.  സെക്രട്ടേറിയറ്റിലെ ഓഫീസിൽ വച്ച് 50 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആരോപണം വ്യാജമാണെന്നാണ് വിജിലൻസ് എസ് പി ആർ. നിശാന്തിനിയുടെ അന്വേഷണ റിപ്പോർട്ട് . ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കാർത്തിയേകുമാർ നൽകിയ 28 ലക്ഷത്തിനൊപ്പം 10 ലക്ഷം രൂപ കൂടി ചേർത്താണ് കെ ബാബുവിന് നൽകാൻ 50 ലക്ഷം സ്വരുക്കൂട്ടിയതെന്നായിരുന്നു ബിജു രമേശിൻറെ രഹസ്യമൊഴിയിലുള്ളത്. എന്നാൽ ഈ കാലയളവിൽ ബിജുരമേശിൻറെ അക്കൗണ്ടിൽ 10 ലക്ഷം പിൻവലിച്ചില്ലെന്നാണ് പ്രധാന കണ്ടെത്തൽ.


മന്ത്രി കെ. ബാബുവിന് സെക്രട്ടേറിയറ്റിലെ ഓഫീസിൽ വച്ച്  കോഴ നൽകിയെന്ന് ബാർഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡൻറ് ബിജുരമേശ് ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം സമർപ്പിച്ച ഹരജിയിൽ വിജിലൻസ് കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു ദ്രുതപരിശോധന. ബാർ ലൈസൻസ്23 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കി ഉയർത്താതിരിക്കാൻ കോഴനൽകിയെന്നാണ് ആരോപണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.