വിജിലന്‍സില്‍ പുകച്ചില്‍; എന്തും നേരിടാന്‍ ഒരുക്കമെന്ന് സുകേശന്‍

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ വകുപ്പില്‍ പ്രതിഷേധം ശക്തമാകുന്നു. എസ്.പി ആര്‍. സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ഡയറക്ടറുടെ റിപ്പോര്‍ട്ടിനോട് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കടുത്ത നീരസമാണുള്ളത്. ഭരണകക്ഷിയിലെ പ്രമുഖര്‍ക്കെതിരായ അന്വേഷണങ്ങളില്‍ ശങ്കര്‍ റെഡ്ഡി നടത്തുന്ന ഇടപെടല്‍ നേരത്തേതന്നെ പ്രതിഷേധങ്ങള്‍ക്കിടയായിരുന്നു.

സുകേശനെ ബലിയാടാക്കാനുള്ള തീരുമാനം കൂടി വന്നതോടെ ഡയറക്ടര്‍ക്കെതിരെ ചിലര്‍ നീക്കംതുടങ്ങിയതായി സൂചനയുണ്ട്. ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം. മാണിക്കെതിരെ സാഹചര്യതെളിവുകള്‍വെച്ച് കേസെടുക്കാമെന്ന നിലപാടാണ് സുകേശന്‍ ആദ്യം കൈക്കൊണ്ടത്. എന്നാല്‍, അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളും സുപ്രീംകോടതി അഭിഭാഷകരും ഇത് തള്ളി. കോടതി ഇടപെടലിനെതുടര്‍ന്ന് തുടരന്വേഷണം വന്നപ്പോഴും സുകേശന്‍ നിലപാടില്‍ ഉറച്ചുനിന്നു. തന്‍െറ നിഗമനങ്ങള്‍ കേസ് ഡയറിയില്‍ കുറിക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാറിന്‍െറ പ്രത്യേക താല്‍പര്യപ്രകാരം വിജിലന്‍സ് ഡയറക്ടറായി എത്തിയ ശങ്കര്‍റെഡ്ഡി ഇത് ചോദ്യംചെയ്തു. സാഹചര്യതെളിവുകളുടെ സാധ്യത തള്ളാനും മാണിക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതാനും അദ്ദേഹം സുകേശനോട് ആവശ്യപ്പെടുകയായിരുന്നത്രെ. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മാണിക്ക് ക്ളീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുകേശന്‍ നിര്‍ബന്ധിതനായതെന്ന് പറയപ്പെടുന്നു.

സര്‍ക്കാറിന്‍െറ താല്‍പര്യങ്ങള്‍ക്കനുസൃതമായി തീരുമാനങ്ങളെടുക്കാന്‍ സുകേശനെ ഉപയോഗിച്ച ശങ്കര്‍ റെഡ്ഡി, അദ്ദേഹത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയത് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശത്തെതുടര്‍ന്നാണെന്ന് സൂചനയുണ്ട്. മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ കോഴ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍െറ മുഖംരക്ഷിക്കാനാണ് പുതിയ നീക്കങ്ങളെന്നും ആക്ഷേപമുണ്ട്. ബാര്‍ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശും സുകേശനും കൂടി സര്‍ക്കാറിനെതിരായി ഗൂഢാലോചന നടത്തിയെന്ന വിജിലന്‍സ് ഡയറക്ടറുടെ കണ്ടത്തെല്‍ വിചിത്രമാണെന്ന് നിയമവിദഗ്ധരും പറയുന്നു.

അതേസമയം, തീരുമാനം എന്തായാലും താന്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നാണ് സുകേശന്‍െറ നിലപാട്. എന്ത് നടപടി വന്നാലും നേരിടുമെന്ന് അദ്ദേഹം അടുത്തവൃത്തങ്ങളോട് വ്യക്തമാക്കിയതായി അറിയുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.