ഉദയംപേരൂർ പ്ലാൻറിൽ അനിശ്ചിതകാല സമരം; മധ്യകേരളത്തിൽ പാചകവാതകം മുടങ്ങും

കൊച്ചി: ഉദയംപേരൂരിലെ ഇന്ത്യൻ ഒായിൽ കോർപറേഷൻ(െഎ.ഒ.സി) ബോട്ട്ലിങ് പ്ലാൻറിലെ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. കരാർ ജീവനക്കാർ നടത്തുന്ന മെല്ലെപ്പോക്കു സമരം ഒത്തു തീര്‍പ്പാക്കാന്‍നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. വേതനവര്‍ധന ആവശ്യപ്പെട്ടാണ് ലോഡിങ് – അൺലോഡിങ്, ഹൗസ്‌കീപ്പിങ് വിഭാഗങ്ങളിലെ കരാർ തൊഴിലാളികൾ സമരം െചയ്യുന്നത്. സമരം ശക്തമായാൽ മധ്യകേരളത്തിലെ പാചകവാതക വിതരണം നിലക്കും.  പ്ലാൻറ് പൂര്‍ണമായും സ്തംഭിപ്പിച്ച് സമരം നടത്തിയാല്‍ അവശ്യസാധനനിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനുവരി 28 നാണ് െഎഒസി പ്ലാൻറിലെ തൊഴിലാളികൾ മെല്ലെപ്പോക്ക് സമരം ആരംഭിച്ചത്. സമരം ഒരാഴ്ച പിന്നിട്ടിട്ടും ഫലം കാണാത്തതോടെയാണ് പണി  പൂർണമായി നിർത്തിവെച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. അടിസ്ഥാന മാസ വേതനം 15000 രൂപയിലേക്ക് ഉയര്‍ത്തണം എന്നാണ് ആവശ്യം. ലോഡിംഗ് വിഭാഗത്തിന് 8424 രൂപയും ഹൌസ് കീപ്പിംഗ് വിഭാഗത്തിന് 9400 രൂപയുമാണ് നിലവില്‍ ലഭിക്കുന്ന വേതനം. പ്രശ്‌ന പരിഹാരത്തിനായി ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയിലും ഐ.ഒ.സി അധികൃതര്‍ മുന്‍കൈ എടുത്തും പലതവണ ചര്‍ച്ച നടത്തിയെങ്കിലും ധാരണായായില്ല. കരാർ കാലാവധി അവസാനിച്ച് 10 മാസങ്ങള്‍ പിന്നിട്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.