മലപ്പുറം: പാണ്ടിക്കാട്ട് 14കാരൻ നിപ ബാധിച്ച് മരിച്ചതോടെ വൈറസിന്റെ ഉറവിടം തേടി ആരോഗ്യ വകുപ്പ്. ഞായറാഴ്ച പ്രത്യേക സംഘം കുട്ടി പോയ ഇടങ്ങളെല്ലാം പരിശോധിച്ചു. പരിശോധന തിങ്കളാഴ്ചയും തുടരും. കുട്ടി നാട്ടിലെ മരത്തിൽനിന്ന് അമ്പഴങ്ങ കഴിച്ചതായാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. നിപ സ്ഥിരീകരിച്ച സമയത്ത് കുട്ടി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ് പുറത്തുനിന്ന് കഴിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
കൂട്ടുകാരിൽനിന്നും വീട്ടുകാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉറവിടം കണ്ടെത്താനായി ശ്രമിക്കുന്നത്. കുട്ടി അമ്പഴങ്ങ കഴിച്ച പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ പരിധിയിൽ വവ്വാലുകൾ വരാറുണ്ടെന്നാണ് സൂചന. ഉറവിടത്തെക്കുറിച്ച് തിങ്കളാഴ്ച വൈകീട്ടോടെ കൂടുതൽ വ്യക്തത വരുമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്.
നാട്ടിലെ മരത്തിൽനിന്ന് കുട്ടി അമ്പഴങ്ങ കഴിച്ചതായി മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, നിപ സ്ഥിരീകരിച്ച ആദ്യ ദിവസം പുറത്തുവന്ന വയനാട്ടിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട ഉറവിടസാധ്യത പ്രചാരണം തെറ്റാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്മിൽ ഡാനിഷ് മരിച്ചത്. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്റിബോഡി ഞായറാഴ്ച എത്തിക്കാനിരിക്കെയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.