അക്കു മാഷ് ഇനി ഓര്‍മകളില്‍...

വടകര: അക്ബര്‍ കക്കട്ടിലിന്‍െറ കഥകളിലെ മിക്കവയും തന്‍െറ ഗ്രാമത്തിന്‍െറ കഥകളായിരുന്നു. കഥാപാത്രങ്ങളാവട്ടെ സുഹൃത്തുക്കളും നാട്ടുകാരും. ചിലര്‍ മോശക്കാരായി. ചിലര്‍ താരങ്ങളായി. എന്നാല്‍, ആരും പരിഭവിച്ചില്ല. കാരണം എഴുതിയത് എല്ലാവര്‍ക്കും പ്രിയപ്പെട്ട അക്കുമാഷാണ്. അങ്ങനെയാണ്. അക്ബര്‍ കക്കട്ടില്‍ അടുത്തിടപഴകുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട അക്കുമാഷാണ്. കഥയിലുടെ അക്ബറിനൊപ്പം കക്കട്ടിലെന്ന ഗ്രാമവും ഭാഷയും വളര്‍ന്നു, മലയാളി ഉള്ളിടത്തെല്ലാം ഈ ഗ്രാമത്തിന്‍െറ കഥകള്‍ കടന്നുചെന്നു.

ഒരു പക്ഷേ, കടത്തനാട്ടുകാരനുമാത്രം മനസ്സിലാവുന്ന ഭാഷാപ്രയോഗങ്ങളുടെ സമ്മേളനമായിരുന്നു അക്ബറിന്‍െറ കഥകളിലേറെയും. എഴുത്തിന്‍െറയും വായനയുടെയും വഴികള്‍ക്ക് താനറിയാതെ മുളപൊട്ടിയവയാണെന്നുപറയുന്ന അക്ബര്‍ വളരെ ചെറുപ്പത്തിലേ എഴുത്തും വായനയും കൂടപ്പിറപ്പിനെപ്പോലെ ഒപ്പം നിര്‍ത്തി. നേരം വൈകി വായിക്കുകയോ, എഴുതുകയോ ചെയ്യുമ്പോള്‍ ബാപ്പ പറയാറുണ്ടായിരുന്നു.‘ഞ്ഞെന്ത്ന്നാ അക്ബറേ നേരംബെള്ത്ത് മോന്ത്യോവോളം കുത്തിരിഞ്ഞ് കുത്തിക്കുറിക്കുന്നേ? എന്ത് വാതാപിരാന്താ ഇദ്? ബേറൊര് ശുകിലും ല്ളേ ഇനിക്ക്’! ഈ പ്രയോഗം നാട്ടിലെ പുതിയ തലമുറക്ക് പരിചിതമല്ല.

എന്നാല്‍, അക്ബറിലെ കഥാകാരന്‍ ആവാഹിച്ചെടുത്ത ഭാഷ ഇന്നലെകളിലെ വായ്മൊഴിയായിരുന്നു. തന്‍െറ മനസ്സില്‍ കഥയുടെ മാസ്മരികലോകം തുറന്നിട്ടത് ഗുരുനാഥന്‍ നാരായണക്കുറുപ്പാണെന്ന് അക്ബര്‍ പറയുമായിരുന്നു. അദ്ദേഹം നാലാം ക്ളാസിലെ അധ്യാപകനായിരുന്നു. എന്നും അവസാനത്തെ പിരീഡില്‍ കുറുപ്പ് മാഷ് കഥകള്‍ പറയും. ആവേശകരമായ ഒരു ഭാഗത്തത്തെുമ്പോള്‍ ബാക്കി അടുത്ത ക്ളാസിലേക്ക് മാറ്റിവെക്കും. അന്ന് കഥകേള്‍ക്കാനുണ്ടായിരുന്ന ആകാംഷ ഇന്നുവരെ ഒരു കഥയുടെ കാര്യത്തിലും ഉണ്ടായിട്ടില്ല. മാണിക്യക്കല്ലിന്‍െറ കഥ പറഞ്ഞുതുടങ്ങിയ ദിവസം തൊട്ട് അതു മുഴുവനാക്കുന്നവരെ ശരിക്കുറക്കംതന്നെ ഇല്ലായിരുന്നുവെന്ന് പലപ്പോഴായി അദ്ദേഹം പറയാറുണ്ടായിരുന്നു.

ചില കഥകളില്‍ ചിലരുടെ ഇരട്ടപ്പേര് ഉപയോഗിച്ചത് പ്രതിഷേധത്തിനിടയാക്കിയതായി അക്ബര്‍ എഴുതിയിട്ടുണ്ട്. തന്‍െറ സ്നേഹവലയത്തിലുള്ള ഏറോത്ത് മൂസഹാജിയെ നായകനാക്കിക്കൊണ്ട് ‘കടലോളം കടല്‍’ എന്ന കഥയെഴുതിയതും ഇത്, ഏറ്റവും ആസ്വാദ്യകരമായി മൂസഹാജിതന്നെ വായിച്ചതിനെ കുറിച്ചും അദ്ദേഹം  എഴുതിയിട്ടുണ്ട്. സ്വയം പരിഹാസ കഥാപാത്രമായിക്കൊണ്ടുള്ള പ്രസംഗ ശൈലി അക്ബറിന് നല്‍കിയ ആരാധകലോകം വളരെ വലുതാണ്. എല്ലാവരും കുടുകുടെ ചിരിക്കുമ്പോഴും തന്നില്‍നിന്ന് ചിരി മറച്ചു പിടിക്കാന്‍ കാണിച്ച പാടവം വളരെ വലുതാണെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.  മറ്റുള്ളവരുടെ സങ്കടങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കി ഇടപെടുമ്പോഴും തന്‍െറ പ്രയാസങ്ങള്‍ മറച്ചുപിടിച്ചതിന്‍െറ അനുഭവവും പലര്‍ക്കും പറയാനുണ്ട്. കക്കട്ടില്‍ ഗ്രാമം മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ പുതിയ തലമുറയില്‍പെട്ടവര്‍ക്ക് തന്‍െറ പിതാവിനെക്കുറിച്ച് അക്ബര്‍ കഥയെഴുതിയിട്ടുണ്ടെന്നും മറ്റുമുള്ള അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളത്.

അധ്യാപക കഥകളില്‍ രൂക്ഷവിമര്‍ശത്തിനിരയായവരുടെപ്പോലും കണ്ണുനനയുന്ന കാഴ്ചയാണ് അന്ത്യോപചാരമര്‍പ്പിക്കാനത്തെിയപ്പോള്‍ കണ്ടത്. കടത്തനാട്ടുകാര്‍ക്ക് പ്രത്യേകിച്ച് കക്കട്ടില്‍ ഗ്രാമത്തിന്‍െറ മേല്‍വിലാസമായിരുന്നു അക്ബര്‍. എവിടെയും ഏത് ദേശത്തത്തെിയാലും പരിചയപ്പെടുത്താനുള്ള എളുപ്പവഴി. ഇനി ചിരിയും ചിന്തയും കൊളുത്തിയ പ്രഭാഷണശൈലിയുമായി മാഷില്ളെന്ന് ഉള്‍ക്കൊള്ളാന്‍ ഇപ്പോഴിവര്‍ക്ക് കഴിയുന്നില്ല.
കോഴിക്കോടന്‍ സൗഹൃദക്കൂട്ടത്തിന്‍െറ യാത്രാമൊഴി
നിഷ്കളങ്കമായ സൗഹൃദത്തിന്‍െറ ഓര്‍മകള്‍ ബാക്കിവെച്ച് കക്കട്ടിലിന്‍െറ കഥാകാരന്‍ ടൗണ്‍ഹാളിലത്തെിയപ്പോള്‍ പ്രിയപ്പെട്ടവരെല്ലാം മൂകരായിരുന്നു. മരണവാര്‍ത്ത വിശ്വസിക്കാനാവാതെയാണ് പലരും ഓടിയത്തെിയത്. രാവിലെ ഒമ്പതരയോടെയാണ് കക്കട്ടിലിന്‍െറ ഭൗതികശരീരം ടൗണ്‍ഹാളിലത്തെിച്ചത്. സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കു പുറമെ ജില്ലക്ക് അകത്തും പുറത്തുമുള്ള അധ്യാപകരും വിദ്യാര്‍ഥികളും പ്രിയകഥാകാരനെ അവസാനമായി കാണാനത്തെി.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍, സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, കെ.പി. രാമനുണ്ണി, വി.ആര്‍. സുധീഷ്, എം.എം. ബഷീര്‍, പി.കെ. പാറക്കടവ്, ഷിബു ചക്രവര്‍ത്തി, പി.കെ. ഗോപി, ബാലചന്ദ്രന്‍ വടക്കേടത്ത്, അംബികാ സുതന്‍ മാങ്ങാട്, ടി.പി. രാജീവന്‍,  എം.എന്‍. കാരശ്ശേരി, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, കല്‍പറ്റ നാരായണന്‍, സിവിക് ചന്ദ്രന്‍, കെ.എസ്. വെങ്കിടാചലം, ബി.എം. സുഹ്റ, പി. വത്സല, ഖദീജ മുംതാസ്, മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍, മേയര്‍ വി.കെ.സി. മമ്മദ് കോയ, ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത്, നടന്മാരായ ശ്രീനിവാസന്‍, മാമുക്കോയ, കോഴിക്കോട് നാരായണന്‍ നായര്‍, തിരക്കഥാകൃത്ത് ടി.എ. റസാഖ്, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ എം. വീരാന്‍കുട്ടി, ജില്ലപഞ്ചായത്ത് പ്രസിഡന്‍റ് ബാബു പാറശ്ശേരി,  എം.പി. അബ്ദുസ്സമദ് സമദാനി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി. ശങ്കരന്‍, പി. മോഹനന്‍ മാസ്റ്റര്‍, ടി.പി. രാമകൃഷ്ണന്‍, ടി.വി. ബലന്‍ അഡ്വ. പി.എ. മുഹമ്മദ് റിയാസ് തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടിയും സാംസ്കാരിക മന്ത്രി കെ.സി. ജോസഫിനുവേണ്ടി യും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മലയാളത്തിന്‍െറ കഥാവിസ്മയം –സാഹിത്യ അക്കാദമി
സ്നേഹാര്‍ദ്രമായ മനസ്സുകൊണ്ട് മലയാളികളെ തൊട്ട കഥാവിസ്മയമായിരുന്നു അക്ബര്‍ കക്കട്ടിലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരനും സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണനും അനുശോചനസന്ദേശത്തില്‍ പറഞ്ഞു. സാഹിത്യ അക്കാദമി ഉപാധ്യക്ഷനെന്ന നിലയില്‍ കക്കട്ടില്‍ ഭാഷയുടെയും സാഹിത്യത്തിന്‍െറയും ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ചു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഊര്‍ജസ്വലമായ നേതൃപാടവമാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചത്. അക്കാദമിയുടെ സജീവതക്ക് കക്കട്ടിലിന്‍െറ ഭാവനാത്മകവും ക്രിയാത്മകവുമായ നിര്‍ദേശങ്ങള്‍ ശക്തമായ അടിത്തറ ഒരുക്കിയെന്ന് ഭാരവാഹികള്‍ അനുസ്മരിച്ചു.
സൗഹൃദത്തിന്‍െറ നഷ്ടം –ശ്രീനിവാസന്‍
ഒരുപാട് കാലത്തെ സൗഹൃദമായിരുന്നു അക്ബര്‍ കക്കട്ടിലുമായുണ്ടായിരുന്നതെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. എല്ലാവരോടും സൗഹൃദത്തോടെമാത്രം പെരുമാറാന്‍ കഴിയുന്ന വലിയ മനസ്സിന്‍െറ ഉടമസ്ഥനായിരുന്നു അദ്ദേഹം. പുതുതായി പരിചയപ്പെട്ട ആളോടും വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയമുള്ള ആളോടും ഒരുപോലെ പെരുമാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അക്ബര്‍ കക്കട്ടിലിന്‍െറ രചനകളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല.  വടക്കന്‍ മലബാറിലെ നര്‍മങ്ങളിലൂടെ ചാലിച്ചെഴുതിയതായിരുന്നു അദ്ദേഹത്തിന്‍െറ അധ്യാപക കഥകള്‍. മണ്‍മറഞ്ഞു പോയാലും കഥകളിലൂടെ ലോകം അദ്ദേഹത്തെ എന്നും ഓര്‍ക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.
മാനവികത ഉയര്‍ത്തിപ്പിടിച്ച കഥാകാരന്‍ –രാമനുണ്ണി
എഴുത്തുകാരന്‍ എങ്ങനെ ജനകീയനാകണം എന്നതിന്‍െറ മാതൃക സൃഷ്ടിച്ചാണ് അക്ബര്‍ കക്കട്ടില്‍ തന്‍െറ ജീവിതം പൂര്‍ത്തിയാക്കി മടങ്ങുന്നതെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി അനുസ്മരിച്ചു. താഴെതട്ടിലുള്ള ആളുകള്‍ മുതല്‍ ഏറ്റവും ഉന്നതരോടുവരെ ഒരേ തീവ്രതയോടുള്ള സൗഹൃദമാണ് അക്ബര്‍ സൂക്ഷിച്ചത്. എഴുത്തുകാരന്‍ സൃഷ്ടിക്കേണ്ടത് മാനവികത ഉയര്‍ത്തിപ്പിടിക്കുകയെന്ന എഴുത്തിന്‍െറ സത്യംതന്നെയായിരുന്നു ജീവിതത്തിലുടനീളം അദ്ദേഹം ആവിഷ്കരിച്ചത് -രാമനുണ്ണി അനുസ്മരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.