ജനതാദള്‍ എസില്‍ പ്രസിഡന്‍റിനെതിരെ കലാപം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ജനതാദളില്‍ (എസ്)  സംസ്ഥാന പ്രസിഡന്‍റിനെതിരെ സെക്രട്ടറി ജനറലിന്‍െറ ‘കലാപം’.
തെരഞ്ഞെടുപ്പ് വിഷയമടക്കം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്‍റുമാര്‍ എന്നിവരുടെ യോഗത്തിലായിരുന്നു നാടകീയരംഗങ്ങള്‍.
പ്രസിഡന്‍റ് മാത്യു ടി. തോമസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സെക്രട്ടറി ജനറല്‍ സി.കെ. ഗോപിയാണ് നേതൃത്വത്തെ വെട്ടിലാക്കിയത്. കലാപക്കൊടി ഉയര്‍ത്തിയ ഗോപിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു.
വ്യാഴാഴ്ച രാവിലെ 11.30ന് യോഗം ആരംഭിച്ച ഉടന്‍ മാത്യു ടി. തോമസിനെതിരെ ഗോപി വിമര്‍ശമുന്നയിച്ചു. രണ്ട് വര്‍ഷമായി സംഘടനാ പ്രവര്‍ത്തനം നടക്കുന്നില്ളെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാന പ്രസിഡന്‍റ് രാജിവെക്കണമെന്നും ഗോപി ആവശ്യപ്പെട്ടു.
ഒപ്പം താനും രാജിവെക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ചര്‍ച്ചചെയ്യാമെന്ന് മാത്യു ടി. തോമസ് സമ്മതിച്ചു.
തുടര്‍ന്ന് താന്‍ കൊല്ലത്ത് പങ്കെടുത്ത പരിപാടി ജില്ലാ സെക്രട്ടറിയെ ഉപയോഗിച്ച് നിര്‍ത്തിവെപ്പിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ ഗോപി ഇറങ്ങിപ്പോയി. പിന്നീട് ഗോപിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി മാത്യുവിന്‍െറ കോലം കത്തിച്ചു.
അതേസമയം യോഗത്തില്‍ പങ്കെടുത്തവരാരും ഗോപിയെ പിന്തുണച്ചില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ഉള്‍പ്പെടെ ജില്ലകളില്‍ സംഘടനാപ്രവര്‍ത്തനം യഥാവിധി നടക്കുന്നില്ളെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇത് പരിഹരിക്കാമെന്ന് പ്രസിഡന്‍റ് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
ആര്‍.എസ്.പി മുന്നണിവിട്ട സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ശക്തി പരിഗണിക്കണമെന്നാണ് ആവശ്യം. വിഷയം 24ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചചെയ്യും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.