ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം അന്തിമഘട്ടത്തില്‍ –ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

തിരുവനന്തപുരം: ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന ജി.പി.എസ് സംവിധാനം അന്തിമഘട്ടത്തിലാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍കുമാര്‍. ശാസ്ത്രസാങ്കേതികരംഗത്ത് നാഴികക്കല്ലാകുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ‘ഇന്ത്യ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റ’ത്തിലേക്കുള്ള അവസാന രണ്ട് ഉപഗ്രഹങ്ങള്‍ മാര്‍ച്ച് 10നും 31നും വിക്ഷേപിക്കും. ഇതോടെ ജി.പി.എസ് ശൃംഖലയില്‍ ഏഴ് ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനസജ്ജകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 രാജ്യത്തിനാവശ്യമായ ആശയവിനിമയ ഉപാധികള്‍ വികസിപ്പിക്കേണ്ടതുണ്ട്. ഇതിന് ഉപഗ്രഹ വിക്ഷേപണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം. എല്ലാമാസവും ഓരോ  ഉപഗ്രഹം വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്. ഇതുക്രമേണ 18ഉം 24ഉം ആയി വര്‍ധിപ്പിക്കും. ബഹിരാകാശ പര്യവേഷണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ നമുക്ക് സാധിക്കണം. ഇതിന് ക്വാളിറ്റിമാനേജ്മെന്‍റ് നടപ്പാക്കും. മുന്‍കാലങ്ങളില്‍ സംഭവിച്ച സാങ്കേതികപിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായയത്നം ആവശ്യമാണ്.
വിക്രം സാരാഭായി സ്പേസ് സെന്‍ററും സൊസൈറ്റി ഫോര്‍ ഏറോ സ്പേസ് ക്വാളിറ്റി ആന്‍ഡ് റിലയബിലിറ്റിയും (എസ്.എ.ക്യു.ആര്‍) സംയുക്തമായി സംഘടിപ്പിച്ച ഏകദിനശില്‍പശാല കിരണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.എസ്.എ.ക്യു.ആര്‍ പ്രത്യേക പതിപ്പിന്‍െറ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. വി.എസ്.എസ്.സി ഡയറക്ടര്‍ കെ. ശിവന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി. വത്സ സ്വാഗതം പറഞ്ഞു. എസ്.എ.ക്യു.ആര്‍ ചീഫ് കണ്‍ട്രോളര്‍ ഡോ. സി.പി രാമനാരായണന്‍ ആമുഖപ്രഭാഷണവും ഡോ. ബി.എന്‍. സുരേഷ് മുഖ്യപ്രഭാഷണവും നടത്തി. എസ്.എ.ക്യു.ആര്‍ സെക്രട്ടറി വി. ദില്ലിബാബു നന്ദി പറഞ്ഞു. ഐ.എസ്.ആര്‍.ഒയുടെയും ഡി.ആര്‍.ഡി.ഒയുടേയും വിവിധ യൂനിറ്റുകളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.