സമസ്ത: പുതിയ ജനറൽ സെക്രട്ടറിക്കായി ചര്‍ച്ച തുടങ്ങി

മലപ്പുറം: രണ്ട് പതിറ്റാണ്ട് ജന. സെക്രട്ടറിയായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങി. സമസ്തയുടെ 40 അംഗ മുശാവറയാണ് ജനറൽ സെക്രട്ടറിയെ പ്രഖ്യാപിക്കുക. ഉപാധ്യക്ഷനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി തിരിച്ചത്തെിയാല്‍ മുശാവറ കൂടി സുപ്രധാന തീരുമാനം പ്രഖ്യാപിക്കും. എന്നാല്‍, ജനറൽ സെക്രട്ടറി ആരാവണമെന്നതു സംബന്ധിച്ച് വിവിധ നേതാക്കളും പോഷക സംഘടനാ നേതാക്കളും ആശയവിനിമയം നടത്തുന്നുണ്ട്. പോഷക സംഘടനകള്‍ക്ക് അഭിപ്രായം നേതാക്കളെ അറിയിക്കാമെന്നല്ലാതെ തീരുമാനത്തില്‍ ഇടപെടാനാകില്ല.
പ്രധാനമായും ഇപ്പോഴത്തെ ട്രഷറര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഒന്നാമത്തെ ജോ. സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത വൈസ്പ്രസിഡന്‍റും ഫത്വ കമ്മിറ്റി കണ്‍വീനറുമായ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ എന്നിവരുടെ പേരുകളാണ് ജന. സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുള്ളത്.
 പാറന്നൂര്‍ ഇബ്രാഹിം മുസ്ലിയാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്സതയുടെ ട്രഷററാകുന്നത്. നേരത്തെ നന്തി ദാറുസ്സലാം അറബിക്കോളജിന്‍െറ പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം ഇപ്പോള്‍ കുറ്റിക്കാട്ടൂര്‍ യമാനിയ അറബിക്കോളജിന്‍െറ പ്രിന്‍സിപ്പലാണ്. സമസ്തയുടെ ഫത്വ കമ്മിറ്റിയിലുമുണ്ട്. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന പണ്ഡിതനെന്ന നിലയിലാണ് ജിഫ്രി തങ്ങള്‍ക്ക് സമസ്തയില്‍ സ്വീകാര്യതയുള്ളത്. എന്നാല്‍, സമസ്ത 90ാം വാര്‍ഷികാഘോഷത്തിന് മുന്നോടിയായി ആക്ടിങ് ജന. സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ച സംഘടനക്കകത്ത് നടന്നപ്പോള്‍ ചെറുശ്ശേരി ജീവിച്ചിരിക്കുമ്പോള്‍ ഇത്തരമൊരു ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്.
പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പലായ പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ ബഹുഭാഷാ പണ്ഡിതനും ’86 മുതല്‍ സമസ്ത മുശാവറയില്‍ അംഗവുമാണ്. പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍ ജോ. സെക്രട്ടറിയായ കോട്ടുമല ബാപ്പു മുസ്ലിയാരാണ്. എന്നാല്‍, ഇദ്ദേഹം നിലവില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറിയുമാണ്. സമസ്തയുടെ പല നിലപാടുകളും രാഷ്ട്രീയ സ്വാധീനമുണ്ടാക്കുമെന്നതിനാല്‍ ആകാംക്ഷയോടെയാണ് മുസ്ലിം ലീഗ് നേതൃത്വം സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.