സ്മാർട്ട് സിറ്റി നാടിന് സമർപ്പിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാറും ദുബൈ ഗവണ്‍മെന്‍റിന് കീഴിലുള്ള ദുബൈ ഹോള്‍ഡിങ്ങും സംയുക്ത സഹകരണത്തോടെ നടപ്പാക്കുന്ന ‘സ്മാര്‍ട്ട് സിറ്റി കൊച്ചി’ പദ്ധതിക്ക് വര്‍ണാഭമായ തുടക്കം. ലേസര്‍ രശ്മികളുടെ വര്‍ണപ്പകിട്ട് നിറഞ്ഞ ചടങ്ങില്‍ ഡിജിറ്റല്‍ സ്വിച്ച് അമര്‍ത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ദുബൈ കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അല്‍ഗര്‍ഖാവി എന്നിവര്‍ ചേര്‍ന്ന് സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടമായ എസ്.സി.കെ-01 ടവര്‍ എന്ന ആദ്യ മന്ദിരം ഉദ്ഘാടനം ചെയ്തത്. ഇവര്‍ ഇരുവര്‍ക്കുമൊപ്പം കേന്ദ്ര വൈദഗ്ധ്യകാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ ബയാത്, സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവായ എം.എ. യൂസഫലി, മുന്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അല്‍മുല്ല എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു.

സ്മാർട്ട് സിറ്റിയുടെ ആദ്യകെട്ടിടം യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, എം.എ. യൂസുഫലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
 

ചടങ്ങിന് മുമ്പ് പദ്ധതിക്ക് രാഷ്ട്രപതിയുടെ ആശംസ സന്ദേശവുമുണ്ടായി. വിഡിയോ കോണ്‍ഫറന്‍സിങ് വഴി രാഷ്ട്രപതിയുടെ സെക്രട്ടറി വേണു രാജാമണിയാണ് സന്ദേശം വായിച്ചത്. 400 കോടി രൂപയാണ് പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണത്തിന് വേണ്ടിവന്നത്. ആറരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒന്നാംമന്ദിരം,  മൂന്നര കിലോമീറ്റര്‍ റോഡ്, വൈദ്യുതി സബ്സ്റ്റേഷന്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പണി പൂര്‍ത്തിയാക്കിയത്.
ഒന്നാം മന്ദിരത്തിന്‍െറ 75 ശതമാനം സ്ഥലവും 27 കമ്പനികള്‍ക്കായി നീക്കിവെച്ചതായും കമ്പനികളുടെ പേരുവിവരം ഉദ്ഘാടന വേദിയില്‍ പ്രഖ്യാപിക്കുമെന്നും അറിയിപ്പുണ്ടായിരുന്നെങ്കിലും പ്രഖ്യാപനം നടന്നില്ല.

ഉദ്ഘാടനച്ചടങ്ങിന് ശേഷം 22 കമ്പനികളുടെ പേരുവിവരം പ്രത്യേക പത്രക്കുറിപ്പായി അറിയിക്കുകയായിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ കമ്പനികള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ 5500 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ഇതോടൊപ്പം രണ്ടാം ഘട്ടത്തിന്‍െറ നിര്‍മാണ പ്രഖ്യാപനവും ഇതേ വേദിയില്‍ നടന്നു. രണ്ടാം ഘട്ടത്തില്‍ 47 ലക്ഷം ചതുരശ്രയടി കെട്ടിടം നിര്‍മിക്കുമെന്നും 60,000 പേര്‍ക്ക് തൊഴിലവസരമുണ്ടാകുമെന്നും പ്രഖ്യാപനമുണ്ടായി. 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുഹമ്മദ് അല്‍ഗര്‍ഖാവി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എം.എ. യൂസുഫലി, കൊച്ചി പ്രത്യേക സാമ്പത്തിക മേഖലാ ഡെവലപ്മെന്‍റ് കമീഷണര്‍ ഡോ.എ.എന്‍ സഫീന എന്നിവര്‍ ആശംസനേര്‍ന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും അദ്ദേഹം ഉദ്ഘാടനച്ചടങ്ങിന് എത്തിയില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കോഡെവലപേഴ്സ്, പദ്ധതി നിര്‍വഹണത്തിന് പരിശ്രമിച്ച സി.ഇ.ഒ ബാജു ജോര്‍ജ്, സഹപ്രവര്‍ത്തകര്‍ എന്നിവരെ മെമന്‍േറാ നല്‍കി ആദരിച്ചു. മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ഹൈബി ഈഡന്‍, വി.പി. സജീന്ദ്രന്‍, സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹഫീസ്, പൊതുമരാമത്ത്വകുപ്പ് സെക്രട്ടറി എം.പി മുഹമ്മദ് ഹനീഷ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവരും സന്നിഹിതരായിരുന്നു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സ്വാഗതവും ഐ.ടി സെക്രട്ടറി പി.എച്ച.് കുര്യന്‍ നന്ദിയും പറഞ്ഞു. കാക്കനാട് ഇടച്ചിറയില്‍ 246 ഏക്കര്‍ സ്ഥലത്താണ് സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ഘട്ടമായി 1500 കോടി രൂപ മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതി പൂര്‍ണാര്‍ഥത്തില്‍ നടപ്പാകുമ്പോള്‍ ഒരുലക്ഷത്തോളംപേര്‍ക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് വാഗ്ദാനം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.