ഗുരുവായൂര്‍ ഉത്സവം കൊടിയേറി: ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവ്

ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവ്. ഇഞ്ചോടിഞ്ചായി നടന്ന മത്സരത്തില്‍ തൊട്ടുപിറകെ ഓടിയ ചെന്താമരാക്ഷനെ മറികടന്നാണ് ഗോപീകണ്ണന്‍ ക്ഷേത്രഗോപുര വാതില്‍ കടന്ന് ഒന്നാമനായത്. തുടക്കത്തില്‍ കുതിച്ചുപാഞ്ഞ രാമന്‍കുട്ടി സത്രം ഗേറ്റിന് സമീപത്തുവെച്ച് കാലില്‍ ചങ്ങലയുടക്കി മന്ദഗതിയിലായതും ഗോപീകണ്ണനെ തുണച്ചു.
ക്ഷേത്രത്തിലെ നാഴിക മണി മൂന്നടിച്ചതോടെ ചടങ്ങുകള്‍ ആരംഭിച്ചു. പാരമ്പര്യ അവകാശികളായ കണ്ടിയൂര്‍ പട്ടത്ത് നമ്പീശനും മാതേമ്പാട്ട് നമ്പ്യാരും പാപ്പാന്‍മാര്‍ക്ക് ക്ഷേത്രത്തില്‍നിന്ന് കുടമണികള്‍ കൈമാറി. നടവഴിക്ക് ഇരു പുറവുമായി ബാരിക്കേഡുകള്‍ക്കപ്പുറത്ത് തിങ്ങിനിറഞ്ഞ ജനാവലിയുടെ മധ്യത്തിലൂടെ കുടമണികളുമായി പാപ്പാന്മാര്‍ ഓടി മഞ്ജുളാലിന് സമീപം ഒരുക്കിനിര്‍ത്തിയ ആനകളെ അണിയിച്ചു.
മാരാര്‍ ശംഖുനാദം മുഴക്കിയതോടെ ആനകള്‍ കുതിപ്പ് തുടങ്ങി. തുടക്കത്തില്‍ രാമന്‍കുട്ടിയായിരുന്നു മുന്നില്‍. ചങ്ങലയുടക്കി രാമന്‍കുട്ടിയുടെ വേഗം കുറഞ്ഞതോടെ ഗോപീകണ്ണനും ചെന്താമരാക്ഷനും കണ്ണനും മുന്നിലത്തെി. ഒന്നാമനായ ഗോപീകണ്ണന് പിന്നാലെ ചെന്താമരാക്ഷനും കണ്ണനുമാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ആനയോട്ടത്തില്‍ ഒന്നാമനായ ഗോപീകണ്ണന് പത്തുദിവസം നീളുന്ന ഉത്സവച്ചടങ്ങുകളില്‍ പ്രത്യേക പരിഗണന ലഭിക്കും. 24 ആനകളാണ് ആനയോട്ടത്തില്‍ അണിനിരന്നത്.
രാമന്‍കുട്ടി, കണ്ണന്‍, ഗോപീകണ്ണന്‍, അച്യുതന്‍, ചെന്താമരാക്ഷന്‍ എന്നിവരാണ് മുന്‍നിരയില്‍ ഓടിയത്. ദേവസ്വം ഭരണസമിതിയംഗങ്ങളായ അഡ്വ.എ. സുരേശന്‍, അഡ്വ. കെ. ഗോപിനാഥന്‍, സി. അശോകന്‍, പി.കെ. സുധാകരന്‍, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന വി. മുരളി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എ.സി.പി ആര്‍. ജയചന്ദ്രന്‍പിള്ള, സി.ഐ എം.യു. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹവും ഒരുക്കിയിരുന്നു.
 വിദേശികളടക്കം വന്‍ജനാവലി ആനയോട്ടം കാണാനത്തെിയിരുന്നു. പത്തുനാള്‍ നീളുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. വൈകീട്ട് ദീപാരാധനക്ക് ശേഷം കൂറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തിയ ശേഷമായിരുന്നു കൊടിയേറ്റ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.