മദ്യനയത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹം –കെ.സി.ബി.സി

കൊച്ചി: യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തെ സ്വാഗതം ചെയ്യുന്ന കെ.സി.ബി.സി നിലപാടിനെ വര്‍ഗീയമായി വ്യാഖ്യാനിക്കുന്നത്  പ്രതിഷേധാര്‍ഹമാണെന്ന് കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെ.സി.ബി.സി).  ഗോവയില്‍ മദ്യനിരോധത്തിനുവേണ്ടി വാദിക്കാന്‍ മെത്രാന്‍ സമിതിക്ക് ധൈര്യമുണ്ടോ എന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ വെല്ലുവിളി അപലപനീയമാണെന്നും മദ്യനയത്തെ അനുകൂലിക്കുന്നവരെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ കാനം രാജേന്ദ്രന്‍ ശ്രമിക്കുകയാണെന്നും കെ.സി.ബി.സി  കുറ്റപ്പെടുത്തി.
  ജനകീയയാത്രയുടെ സമാപന സമ്മേളനത്തില്‍ മദ്യനയത്തെ വര്‍ഗീയമായി വ്യാഖ്യാനിച്ച് ജനങ്ങളില്‍ തെറ്റിധാരണ പരത്താന്‍ ശ്രമിച്ചത് അദ്ദേഹത്തിന്‍െറ മദ്യനയം മാത്രമല്ല, മതനിരപേക്ഷവാദവും പ്രഹസനമാക്കുന്നതാണ്. 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍  സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാന്‍ പ്രമേയം പാസാക്കിയ പാര്‍ട്ടിയാണ് അദ്ദേഹത്തിന്‍േറതെന്ന് കാനം രാജേന്ദ്രന്‍ മറക്കരുതായിരുന്നുവെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ചൂണ്ടിക്കാട്ടി.
സമൂഹത്തിന്‍െറ പൊതുനന്മ ലക്ഷ്യംവെക്കുന്ന  മദ്യനയം വേണം സംസ്ഥാനത്ത് നടപ്പാക്കാനെന്ന് കെ.സി.ബി.സി ഉറച്ചുവിശ്വസിക്കുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പടിപടിയായി സമ്പൂര്‍ണ മദ്യനിരോധം എന്ന നയം  നിയമപരമായി നിലനില്‍ക്കുമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ മദ്യവര്‍ജനം പറഞ്ഞ് മദ്യനിരോധ നടപടികളില്‍നിന്ന് പുറംതിരിഞ്ഞ് നില്‍ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കരുത്. ഇക്കാര്യത്തിലെ സമീപനം ഓരോ രാഷ്ട്രീയ മുന്നണിയും പ്രഖ്യാപിക്കണം. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ഈ നിലപാട് ഒരു മതത്തിന്‍െറയോ  സമുദായത്തിന്‍െറയോ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയല്ളെ  ന്നും മെത്രാന്‍ സമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഈ മാസം 27ന് കേരളത്തിലെ മുഴുവന്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ച് എറണാകുളത്ത് ചേരുന്ന ആലോചനായോഗം മദ്യനയം അട്ടിമറിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്നതിന് വിപുലമായ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും സീറോ മലബാര്‍സഭ വക്താവ് കൂടിയായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെ.സി.ബി.സി സാമൂഹിക വിഭാഗം സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.