നിയമസഭാ തെരഞ്ഞെടുപ്പ്: യു.ഡി.എഫില്‍ ഘടകകക്ഷികളുമായി സീറ്റ് ചര്‍ച്ച ഉടന്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏറ്റവും പെട്ടെന്ന് ആരംഭിക്കാന്‍ ഹൈകമാന്‍ഡ് നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.
ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ജനസ്വീകാര്യതയും ജയസാധ്യതയും കണക്കിലെടുക്കണമെന്നും തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി ജില്ലാ തലത്തില്‍ മൂന്നംഗ സമിതി താഴത്തെട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായശേഖരണത്തോടെ റിപ്പോര്‍ട്ട് തയാറാക്കി കെ.പി.സി.സിയുടെ തെരഞ്ഞെടുപ്പു സമിതിക്ക് നല്‍കും. ഈ പേരുകളില്‍നിന്നാണ് സംസ്ഥാന, കേന്ദ്ര തെരഞ്ഞെടുപ്പു സമിതികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയെന്നും സുധീരന്‍ അറിയിച്ചു. ഡി.സി.സി പ്രസിഡന്‍റ്, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം ജില്ലകളിലേക്ക് ചുമതലപ്പെടുത്തിയ മുതിര്‍ന്ന നേതാവ് എന്നിവരാണ് ബന്ധപ്പെട്ട ജില്ലകളിലെ പാര്‍ട്ടി നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നുമായി അഭിപ്രായ ശേഖരണം നടത്തുക. അവര്‍ ഏറ്റവും പെട്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും.
ഈ റിപ്പോര്‍ട്ട് മുന്നില്‍വെച്ചാണ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ് എന്നിവര്‍ ഉള്‍പ്പെട്ട സംസ്ഥാന തെരഞ്ഞെടുപ്പു സമിതി സ്ഥാനാര്‍ഥികളെ നാമനിര്‍ദേശം ചെയ്യുക. അതനുസരിച്ചുള്ള അന്തിമ പട്ടിക ഹൈകമാന്‍ഡ് പ്രഖ്യാപിക്കും. മത്സരിക്കുന്നതിന് യോഗ്യരെ നിശ്ചയിക്കുന്നതില്‍ സിറ്റിങ് എം.എല്‍.എയാണെന്നും അല്ളെന്നുമുള്ള വേര്‍തിരിവ് ഉണ്ടാവില്ല. ജില്ലാതല മൂന്നംഗ സമിതിയുടെ അഭിപ്രായ ശേഖരണം പ്രധാനമാണ്. വി.എം. സുധീരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണോ, അല്ലയോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ നടന്നില്ളെന്നായിരുന്നു മറുപടി. മത്സരിക്കാന്‍ സന്നദ്ധനാണോ എന്ന് ചോദിച്ചപ്പോള്‍, അത്തരം ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ളെന്നായിരുന്നു പ്രതി
കരണം.
കേരളത്തില്‍ യു.ഡി.എഫിന്‍െറ ഭരണത്തുടര്‍ച്ച ഉണ്ടാകേണ്ടത് ദേശീയ തലത്തിലും സംസ്ഥാനത്തും ഒരുപോലെ പ്രധാനമാണെന്ന് ഹൈകമാന്‍ഡ് ഓര്‍മിപ്പിച്ചതായി സുധീരന്‍ പറഞ്ഞു. യു.ഡി.എഫ് നേരിടുന്ന എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ അതനുസരിച്ച് വേഗത്തില്‍ മുന്നോട്ടു നീക്കും.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ സോണിയയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, വി.എം. സുധീരന്‍ എന്നിവര്‍ക്കു പുറമെ, മുതിര്‍ന്ന നേതാക്കളായ എ.കെ ആന്‍റണി, ഗുലാം നബി ആസാദ്, മുകുള്‍ വാസ്നിക്, ദീപക് ബാബ്രിയ എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.