ചെറുതോണി: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.എം. മണിക്കെതിരെ ഇടുക്കി പൊലീസ് കേസെടുത്തു. പ്രസംഗത്തിലൂടെ പൊലീസിനെ മോശമായി ചിത്രീകരിക്കുകയും പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിന്‍സിപ്പലിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതിനാണ് കേസ്. മണിയെ കൂടാതെ ജില്ലാ കമ്മിറ്റി അംഗം സി.വി. വര്‍ഗീസ്, ഏരിയ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, സജി തടത്തില്‍ എന്നിവരും കണ്ടാലറിയാവുന്ന മുന്നൂറോളം പേരും കേസില്‍ പ്രതികളാണ്. അനധികൃതമായി സംഘം ചേരല്‍, അനധികൃതമായി മൈക് ഉപയോഗിക്കല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍, വധഭീഷണി, സ്ത്രീകള്‍ക്കെതിരെ അസഭ്യം പറയല്‍ എന്നിവക്കും കൂടാതെ 506, 117 വകുപ്പുകളനുസരിച്ചും കേസെടുത്തിട്ടുണ്ട്. കേസില്‍ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ജെ.എന്‍.യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്കാണ് സംഭവത്തിന്‍െറ തുടക്കം. സമരം നടത്തിയ പൈനാവ് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ പൈനാവിലെ ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്നിക് കോളജിലത്തെി വിദ്യാര്‍ഥികളോട് സമരത്തിനിറങ്ങാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ഇതിന് വിസമ്മതിക്കുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. സംഭവത്തിനിടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോളിടെക്നിക്ക് വിദ്യാര്‍ഥിയുടെ പരാതിയനുസരിച്ച് എന്‍ജിനീയറിങ് കോളജിലെ രണ്ടു വിദ്യാര്‍ഥികളുടെ പേരില്‍ പൊലീസ് കേസെടുത്തു. ഇവരെ ചെറുതോണി ടൗണില്‍നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോള്‍ പൊലീസ് ജീപ്പ് തടഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. ഇതിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, പൊലീസ് പാര്‍ട്ടി ഓഫിസില്‍ ബലമായി കയറി പ്രവര്‍ത്തകരെ മര്‍ദിക്കുകയും മറ്റും ചെയ്തുവെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഇതിനെതിരെ എല്‍.ഡി.എഫ് ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് എം.എം. മണി വിവാദ പ്രസംഗം നടത്തിയത്.
സംഭവം വിവാദമായതോടെ വനിതാ പ്രിന്‍സിപ്പലിനെതിരെ മോശം പരാമര്‍ശം നടത്തിയതില്‍ എം.എം. മണി ഖേദം പ്രകടിപ്പിച്ചു. അതേസമയം, പാര്‍ട്ടി ഓഫിസില്‍ കയറി അതിക്രമം കാട്ടിയ പൊലീസുകാര്‍ക്കെതിരെ നടത്തിയ പ്രസംഗത്തില്‍ ഒരു വിഷമവുമില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.