മലപ്പുറം: സി.പി.എം വർഗീയ കാർഡ് കൊണ്ടുള്ള കളി അവസാനിപ്പിക്കണമെന്ന് മുസ്‍ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അതാണ് അവർക്കും നല്ലത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുമ്പോൾ അവരുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുന്നുണ്ട്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ ലീഗ് വിമർശനത്തിന് മലപ്പുറത്ത് മറുപടി പറയുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ജമാഅത്തെ ഇസ്‍ലാമിയെയും എസ്.ഡി.പി.ഐയെയും കൂടെ കുട്ടിയതാണ് ലീഗിന്റെ മാറ്റമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
മുഖ്യമന്ത്രി മുസ്‍ലിം ലീഗിനെ വിമർശിക്കുന്നത് ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനുണ്ടായ വലിയ മുന്നേറ്റത്തിന് പിന്നിൽ ലീഗ് നേതൃപരമായ പങ്ക് വഹിച്ചതിനാലാണെന്ന് കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു. വയനാട്ടിൽ പോളിങ് ശതമാനം കുറവായിട്ടും പ്രിയങ്കയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിന് മുകളിലാണ്. പാലക്കാട്ട് ബി.ജെ.പിക്കും എത്രയോ പിന്നിലാണ് എൽ.ഡി.എഫ്. ചേലക്കര അവരുടെ ഉറച്ച കോട്ടയായിട്ടും ഭൂരിപക്ഷം വളരെ കുറഞ്ഞു. അത് സി.പി. എമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്.
പുരോഗമന രാഷ്ട്രീയവും ഗവൺമെന്റിന്റെ നേട്ടങ്ങളും പറയാതെ ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ എന്നെല്ലാം പറഞ്ഞ് ചേരിതിരിവ് ഉണ്ടാക്കിയാൽ അതിന്റെ നഷ്ടം സി.പി.എമ്മിന് തന്നെയായിരിക്കുമെന്ന് അവർ മനസിലാക്കണം. ഈ കാർഡ് കളി അവസാനിപ്പിക്കുന്നതാണ് അവർക്ക് നല്ലത്. അവരുടെ കാലിനടിയിലെ മണ്ണാണ് ഒലിച്ചുപോവുന്നത്. യു.പിയിലെ പോലെ സ്പർധ വന്നാൽ ഗുണം ബി.ജെ.പിക്കാണ്. യു.ഡി.എഫിന്റെ വിജയത്തിന് പിന്നിൽ ലീഗിന്റെ ശക്തിയും പാണക്കാട് സാദിഖലി തങ്ങളുടെ നേതൃപാടവവും പ്രകടമാണ്. കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഭരണവിരുദ്ധവികാരം ഉണ്ടായി എന്നത് സ്പഷ്ടമാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.