അഴിമതി: മന്ത്രി അനൂപ് ജേക്കബിനെതിരെ ദ്രുതപരിശോധനക്ക് വിജിലന്‍സ് ഉത്തരവ്

തിരുവനന്തപുരം: ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെതിരായ അഴിമതി ആരോപണത്തില്‍ ദ്രുതപരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. അനൂപ് ജേക്കബിനും ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും എതിരെ 36.5 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച് വി. ശിവന്‍കുട്ടി എം.എല്‍.എ നൽകിയ പരാതിയിലാണ് നടപടി.

സിവില്‍ സപ്ലൈസിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും ഡെപ്യൂട്ടേഷനില്‍ ആളെ നിയമിച്ചത് കോഴ വാങ്ങിയാണെന്നും പരാതിയില്‍ പറ‍യുന്നു. ദ്രുതപരിശോധനയുടെ ഭാഗമായി അനൂപ് ജേക്കബ് അടക്കമുള്ളവരിൽ നിന്ന് വിജിലൻസ് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും.   

എറണാകുളത്തെ സപ്ലൈകോ ഹെഡ് ഒാഫീസ് മാനേജ്‌മെന്‍റ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഇ-ടെന്‍ഡര്‍ വ്യവസ്ഥകളും പര്‍ച്ചേസ് മാനുവല്‍ വ്യവസ്ഥകളും കാറ്റില്‍പറത്തി കൃതിമ സ്റ്റോക്ക് ഔട്ട് കാണിച്ച് രണ്ട് കോടിയിലധികം രൂപക്ക് 1500 ക്വിന്‍റല്‍ വറ്റല്‍മുളക് വാങ്ങിയതു വഴി കോര്‍പറേഷന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്നാണ് ശിവൻ കുട്ടിയുടെ ആരോപണം. ഇ-ടെണ്ടര്‍ അട്ടിമറിച്ചു കൊണ്ട് ശ്രീ വിനായക എന്‍റര്‍പ്രൈസസ്, ആശീര്‍വാദ് ട്രേഡിങ് കമ്പനി, ഗ്ലോബല്‍ ട്രേഡ് ലിങ്ക്‌സ് എന്നീ സ്വകാര്യ കരാറുകാരില്‍ നിന്ന് രണ്ടര കോടി രൂപയുടെ നിലവാരമില്ലാത്ത തുവരപരിപ്പ് ക്വട്ടേഷനിലുടെ വാങ്ങിയതിൽ മന്ത്രിയും സപ്ലൈകോ ഉദ്യോഗസ്ഥരും കമീഷന്‍ കൈപ്പറ്റിയെന്നും പരാതിയിൽ പറ‍യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.