കണ്ണൂരില്‍ പരീക്ഷണ വിമാനമിറങ്ങി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി ഇറങ്ങി. രാവിലെ 9.02ഒാടെ വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് പരീക്ഷണാര്‍ഥം ഇറക്കിയത്. റൺവേ സംവിധാനം പരിശോധിക്കുന്നതിന്‍റെ ഭാഗമായാണിത്. വിമാനമിറങ്ങുന്നത് കാണാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും പ്രദേശവാസികളും എത്തിയിരുന്നു.

സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേക്കും സമാന്തര ടാക്സിവേക്കും അരികില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ സ്റ്റേഷനു തൊട്ട് ഒന്നര മീറ്റര്‍ ഉയരത്തില്‍ ബാരിക്കേഡുകള്‍ നിര്‍മിച്ചിരുന്നു. ബാരിക്കേഡിനു മുന്നിലായി റണ്‍വേക്കു സമീപം വന്‍ തോതില്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തു. മൂര്‍ഖന്‍ പറമ്പില്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാന്‍ മൂന്ന് എല്‍.ഇ.ഡി ചുവരുകളും 12 ടി.വികളും ഒരുക്കിയിരുന്നു.

അതേസമയം, ചടങ്ങില്‍ നിന്ന് ഇടതു മുന്നണിയുടെ ജനപ്രതിനിധികള്‍ വിട്ടുനിന്നു. ഇടതു സംഘടനകളുടെ നേതൃത്വത്തിൽ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

 

സംസ്ഥാനത്തിന്‍െറ സ്വപ്ന പദ്ധതിയായ കണ്ണൂര്‍ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2400 മീറ്റര്‍ റണ്‍വേയാണ് പൂര്‍ത്തിയായിരിക്കുന്നത്. മംഗലാപുരം വിമാനത്താവളത്തിലെ റണ്‍വേയുടെ ദൂരത്തിന് തുല്യമാണിത്. 3400 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയാക്കാനിരുന്നതാണെങ്കിലും തുടര്‍ച്ചയായ മഴ, പ്രാദേശിക തലത്തില്‍ ഉണ്ടായ തടസ്സം, അനുമതി വൈകിയത് അടക്കമുള്ള കാരണങ്ങള്‍കൊണ്ടാണ് പരീക്ഷണ പറക്കല്‍ താമസിച്ചത്.

സാധാരണ വിമാനത്താവള നിര്‍മാണത്തിന് അഞ്ചുവര്‍ഷം വരെ വേണ്ടിവരുമെങ്കിലും റെക്കോഡ് വേഗത്തിലാണ് കണ്ണൂരില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 1892 കോടി രൂപയാണ് ചെലവ്. രണ്ട് ഘട്ടമുള്ള പദ്ധതിയില്‍ ആദ്യ ഘട്ടം 2016-17 മുതല്‍ 2025-26 വരെയും രണ്ടാംഘട്ട വികസനം 2026-27 മുതല്‍ 2045-46 വരെയുമാണ് ഉദ്ദേശിക്കുന്നത്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.