ചന്ദ്രബോസ് വധക്കേസ് സാക്ഷിവിസ്താരം പൂര്‍ത്തിയായി

തൃശൂര്‍: ഫോറന്‍സിക് വിദഗ്ധന്‍ ഡോ.ആര്‍.കെ. ശര്‍മയുടെ പ്രതിഭാഗം വിസ്താരവും പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരവും കഴിഞ്ഞതോടെ ചന്ദ്രബോസ് വധക്കേസില്‍ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ചന്ദ്രബോസിനുണ്ടായ പരിക്കുകള്‍ വാഹനത്തിന് മുന്നിലേക്ക് ചാടിയത് കൊണ്ട് സംഭവിച്ചതാകാമെന്നും ആശുപത്രിയില്‍ ചികിത്സക്കിടയില്‍ സര്‍ജറി സമയത്ത് കത്തിയോ കത്രികയോ കൊണ്ടുണ്ടായ മുറിവുകള്‍ മരണകാരണമായേക്കാമെന്നും പ്രതിഭാഗം വിചാരണയില്‍ ഡോ. ശര്‍മ പറഞ്ഞു. എന്നാല്‍, ഹമ്മര്‍ പോലുള്ള വാഹനം കൊണ്ട് നെഞ്ചിനേല്‍ക്കുന്ന ഇടിയുടെ ആഘാതം മരണത്തിന് കാരണമാവുമെന്ന് പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രബോസിനെ നിസാം ഹമ്മര്‍ കാര്‍ കൊണ്ട് ഇടിച്ചുതെറിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. തന്നെ ആക്രമിക്കാന്‍ വരുന്നതിനിടെ വാഹനത്തിന് നേരെ ചന്ദ്രബോസ് ചാടിയപ്പോള്‍ തട്ടി താഴെ വീണതാണെന്നും ചന്ദ്രബോസിന്‍െറ മരണം ചികിത്സാപിഴവാണെന്നും നിസാം നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ വാദങ്ങള്‍ തിരുത്തുന്നതാണ് ഡോ. ശര്‍മയുടെ മൊഴി.

ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയ ശര്‍മയുടെ വിസ്താരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്. ആദ്യ സാക്ഷിപ്പട്ടികയിലെ വിസ്താരം പൂര്‍ത്തിയായപ്പോള്‍ ജയിലില്‍ നിസാമിനെ ചികിത്സിച്ച ഡോക്ടറെ വിസ്തരിക്കണമെന്നും സംഭവസമയത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും പോസ്റ്റ്മോര്‍ട്ടം സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളുടെ മെമ്മറി കാര്‍ഡ് തിരുവനന്തപുരത്തെ സി-ഡാകിലത്തെിച്ച് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
ഇതില്‍ ജയില്‍ ഡോക്ടര്‍മാരെ വിസ്തരിക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തതോടെ ജയില്‍ രേഖകള്‍ ഹാജരാക്കണമെന്ന ആവശ്യത്തിലേക്ക് മാറി.

പ്രോസിക്യൂഷന്‍ ഇത് അനുവദിച്ചു നല്‍കി. മറ്റ് രണ്ടു അപേക്ഷകളും ഫയലില്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്ച ഇക്കാര്യത്തില്‍ തീരുമാനം പറയും. മാധ്യമങ്ങളെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ നാലിന് വിധി വരുന്നതുവരേക്ക് വിസ്താരം നീട്ടാനുള്ള ശ്രമമാണ് ജയില്‍ ഡോക്ടറെ വിസ്തരിക്കണമെന്നതടക്കമുള്ള അപേക്ഷകള്‍ക്ക് പിന്നിലെന്നാണ് സൂചന. കൂടുതല്‍ വിസ്താരങ്ങളുണ്ടായില്ളെങ്കില്‍ അടുത്ത ദിവസം വാദം പൂര്‍ത്തിയാക്കി ജനുവരി അഞ്ചോടെ വിധി പറയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പെഷല്‍പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.