കോട്ടയം: എൻ.എസ്.എസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. എൻ.എസ്.എസുമായി ഹൃദയബന്ധമാണുള്ളത്. അത് തുടരും. പ്രശ്നങ്ങളുണ്ടെങ്കിൽ പറഞ്ഞുതീർക്കുമെന്നും കുമ്മനം പറഞ്ഞു. പെരുന്നയിൽ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിയ കുമ്മനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ബി.ജെ.പിയെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി പ്രസിഡൻറിൻെറ പ്രതികരണം.
പെരുന്നയിൽ എത്തിയ കുമ്മനം മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. പി.കെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കൾക്കൊപ്പമാണ് കുമ്മനം എത്തിയത്. ജി. സുകുമാരൻ നായരുമായി അൽപസമയം കുമ്മനം സംസാരിക്കുകയും ചെയ്തു.
എൻ.എസ്.എസിനെ കാവി പുതപ്പിക്കാൻ ശ്രമിക്കേണ്ടെന്നായിരുന്നു സുകുമാരൻ നായർ ഇന്നലെ പറഞ്ഞത്. നയപരമായി എൻ.എസ്.എസുമായി അടുക്കണം. ഇക്കാര്യത്തിൽ യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും കണ്ടുപഠിക്കണം. കാവി പുതപ്പിക്കാൻ ശ്രമം നടത്തിയാൽ നടക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.