അക്രമ രാഷ്ട്രീയം: സി.പി.എമ്മും ബി.ജെ.പിയും ഒരുനാണയത്തിന്‍െറ രണ്ടുവശങ്ങള്‍ –സുധീരന്‍

പയ്യന്നൂര്‍: കേരളത്തില്‍ അക്രമ രാഷ്ട്രീയത്തിന് സംഘടിത ശ്രമം നടത്തുന്ന സി.പി.എമ്മും ബി.ജെ.പിയും ഒരുനാണയത്തിന്‍െറ രണ്ടുവശങ്ങളാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. പയ്യന്നൂരില്‍ ജനരക്ഷായാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റുകളില്‍നിന്നും തെറ്റുകളിലേക്ക് സഞ്ചരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ഇഷ്ടമില്ലാത്തവരെ വകവരുത്തുന്ന അവര്‍ കേരളത്തില്‍ ഫാഷിസ രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്‍െറ അലയൊലികള്‍ ഇന്നും നിലനില്‍ക്കുന്നു.

കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറും ഇഷ്ടമില്ലാത്തവരെ വകവരുത്തന്നു. ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ ആത്മാര്‍ഥമായ ചര്‍ച്ച നടത്തിയാല്‍ കോണ്‍ഗ്രസ് പിന്തുണക്കും. എന്നാല്‍, ഒരുഭാഗത്ത് ചര്‍ച്ച നടത്താന്‍ തയാറായി നില്‍ക്കുമ്പോള്‍ മറുഭാഗത്ത് പരസ്പരം പോരടിക്കുകയാണ്. ഇവര്‍ അക്രമം അവസാനിപ്പിക്കാതെ കേരളത്തില്‍ സമാധാനം ഉണ്ടാവില്ല. ആയുധം പിടിച്ചെടുത്താല്‍ പ്രതിസ്ഥാനത്ത് ബി.ജെ.പിയോ സി.പി.എമ്മോ ആണ്. നിഷ്കളങ്കര്‍ പോലും ദുരന്തം ഏറ്റുവാങ്ങുകയാണ്.

കേരളത്തില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ ഒത്താശ ചെയ്ത് കൊടുക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. വര്‍ഗീയതയുടെ വിഷവിത്ത് മുളക്കാത്ത സംസ്ഥാനമാണ് കേരളം. മോദിമുക്ത ഭാരതം കോണ്‍ഗ്രസിന്‍െറ ലക്ഷ്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഈ മുദ്രാവാക്യത്തെ ശക്തിപ്പെടുത്തുന്നതായിരിക്കണം. ജനദ്രോഹത്തില്‍ സര്‍വകാല റെക്കോഡാണ് മോദി സര്‍ക്കേറിന്‍േറതെന്നും കെ.പി.സി.സി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.