തൃശൂര്‍/കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ ഹൈകോടതിയിലും വിചാരണകോടതിയിലും പ്രതിഭാഗത്തിന് തിരിച്ചടി. അന്തിമ വാദം തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ചൊവ്വാഴ്ച പ്രതിഭാഗം തടസ്സവാദം ഉന്നയിച്ചതാണ് കേസ് പരിഗണിക്കുന്ന ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശത്തിന് ഇടയാക്കിയത്. കേസ് അകാരണമായി വലിച്ചുനീട്ടാന്‍ അനുവദിക്കില്ളെന്ന് കോടതി താക്കീത് നല്‍കി. ഹൈകോടതി തങ്ങളുടെ ഹരജി പരിഗണിക്കുന്നുണ്ടെന്നും അതിന് ശേഷം വാദം തുടങ്ങാമെന്നുമാണ് പ്രതിഭാഗം തടസ്സവാദം ഉന്നയിച്ചത്. ഇത് നിരാകരിച്ച ജില്ലാ ജഡ്ജി കെ.പി. സുധീര്‍ വാദം ബുധനാഴ്ച തുടങ്ങാന്‍ നിര്‍ദേശിച്ചു. ഹൈകോടതിയുടെ ഉത്തരവ് ലഭിക്കുന്ന മുറക്ക് സി.ഐ, എസ്.ഐ എന്നിവരുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
മാധ്യമപ്രവര്‍ത്തകരെയും അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിക്കണമെന്ന പ്രതിഭാഗത്തിന്‍െറ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈകോടതിയില്‍ തിരിച്ചടിയേറ്റത്. മാധ്യമപ്രവര്‍ത്തകരെ വിസ്തരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരായ പേരാമംഗലം സി.ഐ പി.സി. ബിജുകുമാര്‍, എസ്.ഐ ടി.ഐ. സുധാകരന്‍ എന്നിവരുടെ ജനറല്‍ ഡയറി അടക്കമുള്ള രേഖകള്‍ അടയാളപ്പെടുത്തണമെന്നുമാണ് പ്രതിഭാഗം ഹൈകോടതിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ ഈ ആവശ്യം ജില്ലാ കോടതി തള്ളിയിരുന്നു. ഹരജി പരിഗണിച്ച ജസ്റ്റിസ് ബി. കെമാല്‍ പാഷ, മാധ്യമങ്ങളെ വിസ്തരിക്കണമെന്ന ആവശ്യം തള്ളുകയും കീഴ്കോടതി തീരുമാനം ശരിവെക്കുകയും ചെയ്തു. മാധ്യമവാര്‍ത്തകള്‍ തെളിവായി സ്വീകരിച്ച് സാക്ഷി വിസ്താരം നടത്താനാവില്ല. കേട്ടുകേള്‍വിയും അഭിപ്രായ രൂപവത്കരണവും അടിസ്ഥാനമാക്കിയാണ് വാര്‍ത്തകള്‍ വരുന്നത്. യഥാര്‍ഥ സംഭവവുമായി നേരിട്ട് ബന്ധമുള്ളവരെ വിസ്തരിക്കേണ്ട സാക്ഷിപ്പട്ടികയില്‍ മാധ്യമങ്ങളെ ഉള്‍പ്പെടുത്താനാവില്ളെന്നും ഹൈകോടതി വ്യക്തമാക്കി. അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെടുത്ത രേഖകളും മറ്റ് തെളിവുകളും പ്രോസിക്യൂഷനും എതിര്‍ഭാഗത്തിനും പരിശോധിക്കാനും അടയാളപ്പെടുത്താനും അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി പേരാമംഗലം പൊലീസ് സ്റ്റേഷനിലെ ജനറല്‍ ഡയറി, എസ്.ഐ, സി.ഐ എന്നിവരുടെ നോട്ട്ബുക്, വാഹനത്തിന്‍െറ രജിസ്റ്റര്‍, വീക്ക്ലി ഡയറി എന്നിവ വീണ്ടും രേഖപ്പെടുത്താന്‍ അനുമതി നല്‍കി. ഇതിനു പുറത്തുള്ള ചോദ്യങ്ങളോ വിസ്താരമോ അരുതെന്നും കോടതി വ്യക്തമാക്കി.
ഹൈകോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ വിചാരണകോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച തന്നെ വാദം ആരംഭിക്കണമെന്നും രണ്ടുദിവസം കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനിടെ മൂന്ന് വക്കാലത്തുകള്‍ക്ക് അനുമതി തേടി പ്രതിഭാഗം വിചാരണകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു, സി.എസ്. ഋത്വിക്, ടി.എസ്. രാജന്‍, സലില്‍ നാരായണന്‍ എന്നിവരാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി രാമന്‍പിള്ള അസോസിയേറ്റ്സിലെ അഡ്വ. സുജേഷ് ബി. മേനോന്‍, മുഹമ്മദ്, ബൈജു ജോസഫ് എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.