മണ്ണാര്‍ക്കാട്: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍ ഇ.കെ. നിരഞ്ജന്‍ കുമാറിന്‍െറ സംസ്കാരചടങ്ങുകള്‍ കണ്ടുനില്‍ക്കുന്നവരെ കണ്ണീരണിയിക്കുന്ന നിമിഷങ്ങളായി. നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്‍ ജനാവലിയാണ് സംസ്കാര ചടങ്ങിനത്തെിയത്. പൊതുദര്‍ശനത്തിന് വെച്ച എളമ്പുലാശ്ശേരി കെ.എ.യു.പി സ്കൂള്‍ പലപ്പോഴും ജനത്തിരക്കില്‍ വീര്‍പ്പുമുട്ടി. പുലര്‍ച്ചെ തന്നെ ധീരജവാനെ ഒരു നോക്കുകാണാന്‍ ആളുകളത്തെി തുടങ്ങിയിരുന്നു. തലേദിവസം സൈനിക അകമ്പടിയില്‍ നിരഞ്ജന്‍െറ ചെറിയച്ഛന്‍ ഹരികൃഷ്ണന്‍െറ എളമ്പുലാശ്ശേരിയിലെ വീട്ടിലാണ് മൃതദേഹം എത്തിച്ചിരുന്നത്. ചൊവ്വാഴ്ച അതിരാവിലെ മതാചാര ചടങ്ങുകള്‍ക്ക് ശേഷം എഴരയോടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് കൊണ്ടുപോയി. ഇരുവശത്തും കൂടിനിന്ന ജനം പുഷ്പാര്‍ച്ചന നടത്തി.
പൊതുദര്‍ശനവേദിയില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നെങ്കിലും പലപ്പോഴും ജനത്തിരക്ക് കാരണം ഇതെല്ലാം വിഫലമായി. തിരക്ക് നിയന്ത്രിക്കാന്‍ പലപ്പോഴും ജനപ്രതിനിധികള്‍ തന്നെ രംഗത്തിറങ്ങേണ്ടി വന്നു. നാടിന് വേണ്ടി ജീവത്യാഗം ചെയ്ത നിരഞ്ജന്‍െറ ഓര്‍മകള്‍ നെഞ്ചേറ്റിയ എളമ്പുലാശ്ശേരി ഗ്രാമവും സമീപപ്രദേശങ്ങളും കടകള്‍ അടച്ച് ദു$ഖത്തില്‍ പങ്കുചേര്‍ന്നു. ബസുകളിലും വീടുകള്‍ക്ക് മുമ്പിലും നിരഞ്ജന്‍െറ ഫോട്ടോ പതിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദൂരദിക്കുകളില്‍ നിന്നുള്ള സ്കൂളുകളില്‍നിന്ന് പോലും വിദ്യാര്‍ഥികള്‍ സ്കൂള്‍ ബസുകളില്‍ ധീരദേശാഭിമാനിയുടെ മുഖം ഒരു നോക്ക് കാണാനും അഭിവാദ്യം അര്‍പ്പിക്കാനും എത്തിയിരുന്നു. രാവിലെ ചെറിയച്ഛന്‍ ഹരികൃഷ്ണന്‍െറ വീടായ ‘കൃഷ്ണാര്‍പ്പണം’ മുതല്‍ കളരിക്കല്‍ തറവാടിന്‍െറ കുടുംബ ശ്മശാനം വരെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ ഇടമുറിയാത്ത ജനപ്രവാഹമായിരുന്നു. കുടുംബാംഗങ്ങള്‍ നിരഞ്ജന്‍െറ മകള്‍ ഒന്നര വയസ്സുകാരി വിസ്മയയോടൊപ്പം അടക്കിപ്പിടിച്ച ദു$ഖവുമായി പൊതുദര്‍ശനവേദിക്കുമുമ്പില്‍ പ്രാര്‍ഥനയോടെയിരുന്നത് അന്ത്യോപചാരം അര്‍പ്പിക്കാനത്തെിയവരുടെ കണ്ണുകള്‍ ഈറനണിയിച്ചു.
സംസ്കാര ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ മാധ്യമപ്പട
പാലക്കാട്: ലെഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്‍െറ അന്ത്യോപചാര ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരിയിലത്തെിയത് ദേശീയ മാധ്യമപ്പട. ടൈംസ് നൗ, ഇന്ത്യ ടുഡേ, സി.എന്‍.എന്‍-ഐ.ബി.എന്‍, ദൂരദര്‍ശന്‍, എന്‍.ഡി.ടി.വി തുടങ്ങിയ ദേശീയ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാര്‍ ഒ.ബി വാനുമായി എളമ്പുലാശ്ശേരിയിലത്തെിയിരുന്നു. തിങ്കളാഴ്ച നിരഞ്ജന്‍െറ ഭൗതികദേഹം ബംഗളൂരുവില്‍നിന്ന് തറവാട്ടുവീട്ടില്‍ എത്തിച്ചപ്പോള്‍ തന്നെ ദേശീയ മാധ്യമങ്ങള്‍ എളമ്പുലാശ്ശേരിയില്‍ എത്തിയിരുന്നു. സംസ്കാര ചടങ്ങും പൊതുദര്‍ശനവുമടക്കം ലൈവായാണ് ദേശീയ ചാനലുകളടക്കം സംപ്രേഷണം ചെയ്തത്.
എളമ്പിലാശ്ശേരി ഗവ. ഐ.ടി.ഐക്ക് നിരഞ്ജന്‍െറ പേര്
തിരുവനന്തപുരം: വീരമൃത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍െറ സ്മരണ നിലനിര്‍ത്തുന്നതിന് പാലക്കാട് എളമ്പിലാശ്ശേരി സര്‍ക്കാര്‍ ഐ.ടി.ഐക്ക് അദ്ദേഹത്തിന്‍െറ പേര് നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച ഇവിടെ ഡ്രാഫ്റ്റ്മാന്‍, പ്ളംബര്‍ ട്രേഡുകളിലാണ് ക്ളാസ് ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.