എഴുത്തച്ഛന്‍ പുരസ്കാരം ഡോ. പുതുശ്ശേരി രാമചന്ദ്രന് സമ്മാനിച്ചു


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ  എഴുത്തച്ഛന്‍ പുരസ്കാരം കവിയും ഭാഷാ പണ്ഡിതനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന് സമ്മാനിച്ചു. സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്കാരം സമര്‍പ്പിച്ചു. പുതുശ്ശേരി രാമചന്ദ്രന്‍െറ സാന്നിധ്യവും നേതൃത്വവും മലയാള ഭാഷക്കും സാഹിത്യത്തിനും മുതല്‍ക്കൂട്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹമായ അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കാനായി നടത്തിയ ഡല്‍ഹി യാത്രയില്‍ അദ്ദേഹത്തിന്‍െറ ഭാഷാ സ്നേഹവും കടപ്പാടും നേരിട്ടറിയാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
 മന്ത്രി കെ.സി. ജോസഫ് അധ്യക്ഷതവഹിച്ചു. മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച എഴുത്തുകാരനാണ് ഡോ. പുതുശ്ശേരി രാമചന്ദ്രനെന്ന് ആദരഭാഷണം നടത്തിയ പുരസ്കാര നിര്‍ണയ സമിതി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. മനസ്സിന്‍െറ ധാര്‍മികത തുറന്നുപറയാന്‍ ഒരു കാലത്തും അദ്ദേഹം മടിച്ചില്ല. സത്യസന്ധമായ സര്‍ഗാത്മക ജീവിതമാണ് അദ്ദേഹത്തിന്‍േറതെന്നും പെരുമ്പടവം അഭിപ്രായപ്പെട്ടു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രശസ്തിപത്ര പാരായണം നടത്തി. ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.  ധാര്‍മികതയുടെ ശിഥിലീകരണവും അസഹിഷ്ണുതയും നേരിടുന്ന കാലഘട്ടത്തില്‍ എഴുത്തച്ഛനെ പോലുള്ള ദേശീയതയുടെ കവികളുടെ ഉദയം അനിവാര്യമായിരിക്കുന്നുവെന്ന് പുതുശ്ശേരി പറഞ്ഞു.  സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.