തിരുവനന്തപുരം: പൊതുപ്രവര്‍ത്തകനായ ബെബി ഫെര്‍ണാണ്ടസ് നൽകിയ പരാതിയിൽ ഡി.ജി.പി ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യക്കോസ്, ഉപലോകായുക്ത കെ.പി ബാലചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. അനധികൃത സ്വത്ത് സമ്പാദനവും സാമ്പത്തിക ക്രമക്കേടും അഴിമതിയും ആരോപിച്ചാണ് കോൺഗ്രസ് അനുഭാവിയായ ഹരജിക്കാരൻ ലോകായുക്തയെ സമീപിച്ചത്.
ജേക്കബ് തോമസിനെതിരെ രഹസ്യ പരിശോധന വിജിലൻസ് നടത്തിയിട്ടുണ്ടെങ്കിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. രേഖകളും മൊഴികളും പരിശോധിക്കേണ്ടതുണ്ട്. അതിനാൽ രേഖകളുമായി വിജിലൻസ് ഡയറക്ടർ നേരിട്ട് ഹാജരാകാനും ലോകായുക്ത നിർദേശിച്ചു.
ഫിഷറീസ്-തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ കരാറില്ലാതെ മുങ്ങൽ ഉപകരണങ്ങൾ വാങ്ങിയ വകയിൽ 36,000 രൂപ സർക്കാറിന് നഷ്ടമുണ്ടാക്കി. തുറമുഖ വകുപ്പിന്‍റെ വലിയതുറ, വിഴിഞ്ഞം, ബേപ്പൂർ, അഴീക്കൽ ഒാഫീസുകളിൽ സോളാർ പ്ലാന്‍റ് സ്ഥാപിച്ചതിൽ അഴിമതി നടത്തിയെന്നുമാണ് പ്രധാന ആരോപണം. മുൻ പരിചയമില്ലാത്ത സർക്കാർ സ്ഥാപനമായ സിഡ്കോ നടത്തിയ പ്ലാന്‍റ് നിർമാണത്തിന് അനെർട്ട് അംഗീകാരം നൽകുന്നതിന് മുമ്പ് 32 ലക്ഷം രൂപ കൈമാറിയെന്നും പരാതിയിൽ പറയുന്നു.
കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടറായിരിക്കെ ഗവേഷണ പഠനത്തിനായി ജേക്കബ് തോമസ് അവധി എടുത്തിരുന്നു. ഈ കാലയളവിൽ കൊല്ലം ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്‍റിൽ ഡയറക്ടറായി ജോലി ചെയ്തു. ഇതുവഴി വേതനം കൈപ്പറ്റിയെന്നും ആരോപിക്കുന്നു.
കൂടാതെ. ഡി.ജി.പി ജേക്കബ് തോമസും ഭാര്യയും കർണാടക കൂർഗ് ജില്ലയിൽ റിസർവ് വനം ഉൾപ്പെടുന്ന 151 ഏക്കർ ഭൂമി സമ്പാദിച്ചെന്നും ലോകായുക്തക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഈ ആരോപണങ്ങളിൽ മറ്റൊരാൾ നേരത്തെ നൽകിയ പരാതിയിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് രഹസ്യ അന്വേഷണം നടത്തിയിരുന്നതിനാൽ പ്രസ്തുത റിപ്പോർട്ട് ലോകായുക്ത പരിശോധിക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് അന്വേഷണ റിപ്പോർട്ടുമായി ഹാജരാകാൻ വിജിലൻസ് ഡയറക്ടറോട് ലോകായുക്ത നിർദേശിച്ചത്.
ഹരജിക്കാരനുവേണ്ടി മുൻ കോൺഗ്രസ് എം.എൽ.എ അഡ്വ. ജോർജ് മേഴ്സിയർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.