ശ്രീചിത്രയില്‍ ചികിത്സാനിരക്കുകള്‍ വീണ്ടും ഉയര്‍ത്തി

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലാബ്, രജിസ്ട്രേഷന്‍ ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടിയതിനുപിന്നാലെ, സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ചികിത്സാനിരക്കുകളും 15 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്തി. വരുമാനം കുറഞ്ഞവര്‍ക്ക് നല്‍കിയിരുന്ന ഇളവും പരിമിതപ്പെടുത്തി. വരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ബി-വണ്‍ വിഭാഗത്തില്‍ നല്‍കിയിരുന്ന ഇളവ് ഇല്ലാതായി. ഇപ്പോള്‍ ബി വിഭാഗത്തിന് 60 ശതമാനവും സി വിഭാഗത്തിന് 40 ശതമാനവും ഇളവ് എന്ന രീതിയില്‍ ഈ തരംതിരിവ് രണ്ടായി ചുരുക്കി.  ബി.പി.എല്ലുകാര്‍ക്ക് പൂര്‍ണസൗജന്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്‍െറ ഗുണഭോക്താക്കള്‍ കുറവാണ്.
കഴിഞ്ഞദിവസം വര്‍ധിപ്പിച്ച രജിസ്ട്രേഷന്‍ ഫീസ് ജനരോഷത്തത്തെുടര്‍ന്ന് 500ല്‍ നിന്ന് 400രൂപയായി കുറച്ചെന്നല്ലാതെ മറ്റ് നടപടികളൊന്നും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. കേന്ദ്രവിഹിതത്തില്‍ വന്ന കുറവാണ് ശ്രീചിത്രയെ സാമ്പത്തികപ്രതിസന്ധിയിലേക്ക് നയിക്കുന്നതെന്നും ചികിത്സാനിരക്ക് വര്‍ധിപ്പിക്കുകയും ചെലവ് ചുരുക്കുകയും ചെയ്യാതെ നിവൃത്തിയില്ളെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ശ്രീചിത്രയിലെ പ്രതിസന്ധി കേന്ദ്ര ശ്രദ്ധയില്‍പെടുത്തുമെന്നാണ് മന്ത്രി വി.എസ്. ശിവകുമാര്‍ പറയുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായ നടപടികളൊന്നും എടുക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്.  
നേരത്തേ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ക്കുപോലും പുതുവര്‍ഷപ്പിറവി മുതല്‍ വര്‍ധിപ്പിച്ച നിരക്ക് നല്‍കേണ്ട സ്ഥിതിയാണ്. എക്സ് റേ നിരക്ക് 160ല്‍ നിന്ന്190 രൂപയായാണ് ഉയര്‍ത്തിയത്.
എക്കോ പരിശോധനാനിരക്ക് 320 രൂപയില്‍ നിന്ന് 360 ആയി. എം.ആര്‍.ഐ സ്കാന്‍ നിരക്ക് 5500 രൂപയില്‍ നിന്ന് 6780 രൂപയാക്കി. ഇതിനുള്ള ഡൈ കൂടി വേണ്ടി വന്നാല്‍ 850 രൂപ അധികമായി നല്‍കേണ്ടി വരും. ബൈപാസ് ശസ്ത്രക്രിയാനിരക്ക് 1.20 ലക്ഷത്തില്‍ നിന്ന് 1.60 ലക്ഷം വരെയായി ഉയര്‍ന്നു. ആന്‍ജിയോഗ്രാം പരിശോധനക്ക്  ഈടാക്കിയിരുന്ന 9000 രൂപ 13,000 മുതല്‍ 16,000 രൂപവരെയായിട്ടുണ്ട്. 1.5 ലക്ഷം ഈടാക്കിയിരുന്ന ആന്‍ജിയോ പ്ളാസ്റ്റിക്ക് ഇപ്പോള്‍ 1.90 മുതല്‍ രണ്ടുലക്ഷം വരെയാണ് നല്‍കേണ്ടത്.
മൈട്രല്‍ വാല്‍വ് റീ പ്ളേസ്മെന്‍റ് (എം.വി.ആര്‍) നിരക്കും 25 ശതമാനം വരെ ഉയര്‍ന്നു. മെഡിക്കല്‍ കോളജുകളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കാണ് നേരത്തേതന്നെ ശ്രീചിത്രയിലുള്ളതെങ്കിലും സ്വകാര്യ ആശുപത്രികളുടെ പകല്‍ക്കൊള്ളയില്‍ പെടാതിരിക്കാനുള്ള ഏകആശ്രയമായിരുന്നു ഇവിടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.