അഴിമതി തടയാന്‍ ഭരണപരിഷ്കരണ നടപടി വേണം –കോടിയേരി

തിരുവനന്തപുരം: ഉന്നതതല അഴിമതി വ്യാപിക്കുന്നത് തടയാന്‍ ഭരണപരിഷ്കരണ നടപടി സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്‍െറ സമാപനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കലക്ടര്‍മാര്‍ സെക്രട്ടേറിയറ്റിലേക്ക് അയക്കുന്ന ഫയല്‍ എല്‍.ഡി ക്ളര്‍ക്ക് തിരിച്ചയക്കുന്നു. ഇതുവഴി ഫയലുകള്‍ തീര്‍പ്പാകാന്‍ കാലതാമസമുണ്ടാവുന്നു. വകുപ്പ് ഡയറക്ടറായ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സെക്രട്ടേറിയറ്റിലെ ഗവണ്‍മെന്‍റ് സെക്രട്ടറിക്ക് ഫയല്‍ അയക്കുന്നത് എന്തിനാണ്.
ഡി.ജി.പി എടുക്കുന്ന തീരുമാനം ഐ.എ.എസുകാരനായ ഉദ്യോഗസ്ഥന്‍ പരിശോധിച്ച് നിരാകരിക്കുന്നു. ഉദ്യോഗ നിയമനത്തിലും സ്ഥലംമാറ്റത്തിലും വ്യാപക അഴിമതിയാണുള്ളത്. ഇത് തടയാന്‍ ചട്ടങ്ങളിലും നിയമങ്ങളിലും സമൂല മാറ്റമുണ്ടാകണം.
കേരള വികസനം സാധ്യമാക്കാന്‍ മതനിരപേക്ഷ അടിത്തറ ആവശ്യമാണ്. ഭരണത്തില്‍ ജാതി-മത ശക്തികളെ ഇടപെടാന്‍ അനുവദിക്കരുത്. ഇതിന് മതനിരപേക്ഷതക്ക് അനുകൂലമായും വര്‍ഗീയതക്കെതിരെയും ഉറച്ച നിലപാടെടുക്കുന്ന എല്‍.ഡി.എഫിന് മാത്രമേ കഴിയൂ. 2006ലെ എല്‍.ഡി.എഫ് സര്‍ക്കാറിന് തുടര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ ഒരുവര്‍ഷത്തിനുള്ളില്‍ മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നു.
ഈ മാസം 15 മുതല്‍ പിണറായി വിജയന്‍െറ നേതൃത്വത്തില്‍ നടക്കുന്ന നവകേരള മാര്‍ച്ചില്‍ പഠന കോണ്‍ഗ്രസില്‍ ഉരുത്തിരിയുന്ന അഭിപ്രായം പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.കെ.ജി ഹാളില്‍ നടന്ന പരിപാടിയില്‍ പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി, പിണറായി വിജയന്‍, കോണ്‍ഗ്രസ്-എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്‍ എന്നിവരും സംബന്ധിച്ചു. രണ്ടുദിവസമായി  52 സെഷനുകളില്‍ 10 പൊതുവേദികളിലായാണ് പഠന കോണ്‍ഗ്രസ് നടന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.