തൃശൂര്‍: മലേഷ്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം ലഭിക്കാത്ത പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നേറ്റം പറഞ്ഞ ‘ബാലിങ്’ കാഴ്ചക്കാരനില്‍ നിറച്ചത് നവീന അനുഭൂതി. ചിങ്ങ് പാങ്ങെന്ന കമ്യൂണിസ്റ്റ് നേതാവിന് സ്വന്തം രാജ്യമായ മലേഷ്യ അന്യനാടായതും നാട്ടിലേക്ക് മടങ്ങാനുള്ള അടങ്ങാത്ത അഭിനിവേശം മരിക്കുവോളം മനസ്സില്‍ സൂക്ഷിച്ച പാങ്ങിന്‍െറ സമര ചരിത്രവും കാഴ്ചക്കാരനില്‍ ആവേശം നിറച്ചു. തന്‍െറ സഖാക്കള്‍ക്കായി പാങ്ങ് അവസാനമായി എഴുതിയ കത്ത് വായിക്കുമ്പോള്‍ അദ്ദേഹം കാഴ്ചക്കാരില്‍ ഒരോരുത്തരുടെയും നേതാവാകുന്ന അവസ്ഥ. അത്രത്തോളം വശ്യമാണ്, സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവത്തില്‍ ചൊവ്വാഴ്ച അവതരിപ്പിച്ച ബാലിങ് എന്ന മലേഷ്യന്‍ നാടകം.
ചരിത്രമെന്ന വരണ്ട വിഷയത്തെ ഭാവുകത്വത്തോടെ അവതരിപ്പിക്കുന്നതില്‍ ബാലിങ് പ്രവര്‍ത്തകര്‍ വിജയിച്ചു. വടക്കന്‍ മലേഷ്യയിലെ ക്ളാസ് മുറിയില്‍ നടക്കുന്ന ചര്‍ച്ചയിലൂടെയാണ് നാടകം വികസിക്കുന്നത്. കാഴ്ചക്കാരനും അവതാരകരും വേദിയുടെ ഭാഗമാകുന്ന നവീനമായ സങ്കേതമാണ് സംവിധായകന്‍ മാര്‍ക് ടെക് ഉപയോഗിക്കുന്നത്. വീഡിയോ ദൃശ്യങ്ങളും നിശ്ചലദൃശ്യങ്ങളും ഉപയോഗിച്ചുള്ള ഈ നാടകത്തിന് പലപ്പോഴും ഡോക്യുമെന്‍ററി സ്വഭാവമുണ്ട്.
ഒരു രാജ്യത്തിന്‍െറ ചരിത്രം എത്രത്തോളം ഏകപക്ഷീയമാവുന്നു എന്നതിന്‍െറ ഉദാഹരണമാണ് ബാലിങ്. ഭരണകൂടം തങ്ങള്‍ക്ക് ഗുണകരമാകുന്ന വിവരങ്ങള്‍ കുത്തിനിറച്ച് ഉണ്ടാക്കിയ ചരിത്രത്തില്‍ ഇടം നേടാത്ത പോരാട്ടങ്ങളുണ്ടാകും. തമസ്ക്കരിക്കപ്പെട്ട പോരാട്ടങ്ങളുടെയും നേതാക്കളുടെയും ചരിത്രം കൂടിയാണ് ബാലിങ്. ചിങ്ങ് പാങ്ങിന്‍െറ മരണ ശേഷം ചാരത്തെപ്പോലും പേടിക്കുന്ന ഭരണകൂടമാണ് തങ്ങളുടെതെന്നും പുതുതലമുറയുടെ രാഷ്ട്രീയമാണ് രാജ്യത്തിന് വേണ്ടതെന്നും ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.